Saturday 15 October, 2011

യേശുദാസിന്റെ സംഗതികളും മാറിപ്പോയി, സ്റ്റാര്‍ സിങര്‍ ഫിനാലയില്‍ അട്ടിമറി?

രഞ്ജിനി ഹരിദാസ്-ജഗതി ശ്രീകുമാര്‍ പ്രശ്‌നം കൊണ്ട് നിറം കെട്ട മഞ്ച് സ്റ്റാര്‍ സിംഗറിന്റെ പിന്നാലെ ഐഡിയാസ്‌റാര്‍ സിംഗറും വിവാദമായിരിക്കുന്നു. വിജയികളെ തീരുമാനിച്ച കീഴ് വഴക്കങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പ്രേക്ഷകരിലൊരാള്‍ പരാതി നല്‍കിയതോടെ മലയാളത്തിലെ ജനപ്രിയ പരിപാടി ഇപ്പോള്‍ കോടതി കയറിയിരിക്കുകയാണ്.

പരിപാടിയെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങളിലൊന്ന് മലയാളി ഏറ്റവും കൂടുതല്‍ ആദരിക്കുന്ന മഹനീയ വ്യക്തിത്വത്തിനുടമയായ കെ.ജെ.യേശുദാസ് എന്ന ദാസേട്ടന്റെ പേരുകൂടി ചേര്‍ത്താണ് എന്നതാണ് ഖേദകരം.

സംഗീതം ജീവിത സപര്യയാക്കിയ അനുഗ്രഹീത ഗായകന്റെ ഉറച്ച ചില നിലപാടുകള്‍ക്കാണ് ഐഡിയ സ്‌റാര്‍ സിംഗര്‍ ഗതി തിരിച്ചുവിട്ടത്, അല്ലെങ്കില്‍ അങ്ങിനെ ചിന്തിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മത്സരവേദികളില്‍ മാറ്റുരച്ച് മാറ്റുരച്ച് ആഘോഷമാക്കുന്ന സംഗീത അനുബന്ധപരിപാടികളെ വിമര്‍ശിക്കുകയും അതിന്റെയൊന്നും ഭാഗമാവാതിരിക്കുകയും ചെയ്ത ആസ്ഥാന ഗായകന്‍ ഐഡിയാസ്‌റാര്‍ സിംഗര്‍ ഫിനാലയുടെ വേദിയില്‍ നിറഞ്ഞുനില്ക്കുകയും ചെയ്തു.

കല്പന രാഘവേന്ദ്രയുടെ പാട്ട് കേട്ട് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ജഡ്ജസിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ കെല്പുളള ഒരു കമന്റ് കല്പനക്കുവേണ്ടി പറയുകകൂടി ചെയ്തതോടെ ദാസേട്ടനെ ഒരു വികാരമായി കൊണ്ടുനടക്കുന്നവര്‍ ഒന്നു പകച്ചുവെന്ന് തന്നെ പറയാം.
സ്റ്റാര്‍ സിങര്‍ ഫിനാലയില്‍ അട്ടിമറി?
കെങ്കേമമ്മായി നടത്തിപ്പെട്ട സ്റ്റാര്‍ സിങര്‍ ഫിനാലയില്‍ എസ്എംഎസുകള്‍ ഏറ്റവും കുറവുള്ള കല്പനരാഘവേന്ദ്രയാണ് ഒരു കോടിയുടെ ഫ്ളാറ്റ് നേടി വിജയിയായത്. കല്പന മികച്ച ഗായികയാണെന്ന് ഈ സംഗീത പരിപാടിശ്രദ്ധിച്ച ഏവര്‍ക്കും അറിയാം. എന്നാല്‍ ഫൈനലില്‍ അവര്‍പാടിയ സംഗീത എക്‌സര്‍സൈസ് നിലവിലുള്ള സങ്കല്പങ്ങളെ അട്ടിമറിക്കുന്നതായിരുന്നു.

ഏറെ നേരം നീണ്ടുനിന്ന ആ നാദ വിസ്മയമാണ് അവരെ ഒന്നാം നിരയിലേക്കുയര്‍ത്തിയത് എന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നി സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്. അഞ്ചു പേരുള്ള ഫൈനലില്‍ പാതിവഴിയില്‍ രണ്ടുപേരെ ഒഴിവാക്കി, കല്പന യോട് മത്സരിക്കാന്‍ കെല്പുള്ള ആന്റണിയും അഖിലും ആദ്യമേ പുറത്താക്കപ്പെട്ടു.

മൃദുലയും ഹെന്റി ഇമ്മാനുവേലും കല്പന രാഘവേന്ദ്ര യ്ക്ക് വലിയ പ്രതിയോഗികളായിരുന്നില്ല. പ്രേക്ഷകര്‍ക്ക് ഫൈനലിനോടുള്ള മതിപ്പുകെടുന്ന തരത്തിലായ് പോയി രണ്ടുപേരെ ഒഴിവാക്കി ഫൈനല്‍ പോരാട്ടം ലളിതവല്‍ക്കരിച്ചത്. ഏറ്റവും കൂടുതല്‍ എസ്.എം.എസ് ലഭിച്ച ആന്റണിയോടാണ് പ്രേക്ഷകര്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിയത്. ഫൈനലില്‍ ദാസേട്ടന്റെ തുറന്ന അഭിപ്രായം കൂടി വന്നപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി, വിധി ആദ്യമേ തീരുമാനിക്കപ്പെട്ടപോലെ.

യഥാര്‍ത്ഥത്തില്‍ കല്പന തന്നെ ഒന്നാം സ്ഥാനത്തെത്തുമെന്ന് കരുതിയവര്‍ക്കുപോലും ചെറിയ കരടായി മാറി ഒരു വര്‍ഷം നിറഞ്ഞോടിയ ആഘോഷത്തിന്റെ കൊട്ടികലാശം. ഐഡിയ സ്‌റാര്‍ സിംഗറിന്റെ ആറാമത് എഡിഷന്‍ മത്സരാര്‍ത്ഥികളെ ദാസേട്ടനെ നിര്‍ത്തി അവതരിപ്പിച്ചതും വല്ലാതെ ബോറടിപ്പിച്ചു.

മുന്‍നിരയിലെ സ്വന്തം സീറ്റില്‍ ഇരുന്ന് ഈ പൊറാട്ട് കാണുവാന്‍ പ്രേരിപ്പിക്കലായിരുന്നു മെച്ചമെന്ന് തോന്നി. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ സംഗീത മാമാങ്കം വിശ്വാസം എന്ന മൂന്നക്ഷരം കൊണ്ട് സുതാര്യമാക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.വിവാദങ്ങളല്ലഒരിക്കലും ഉയര്‍ന്ന് വരേണ്ടത് വിശ്വാസ്യതയാണ് ഇത്തരം തുറന്ന പരിപാടികളുടെ ആണിക്കല്ല്.

1 comment:

  1. paranjathil oru viyojippu... kalpanaykku pattiya prathiyogikalallairunnu immanuelum mridulayum ennu engane thankalkku parayan pattunnu? sangeetham kalakki kudichano ee post ezhuthunnath? malsarikkan kelppullavar antonyum akhilum.. kashttam. sms kooduthal kittiyenn vicharich mikacha singer akilla aarum. pala sangeetha paripadikalilum ithu avarthichittullathumanu. kalpanaykku onnam sthanam koduthathil enikkum athripthiyund, pakshe aa sthanam antonykko akhilno avakashappedan pattilla. it must hav gone to immanuel or mridula.

    ReplyDelete