Friday 14 October, 2011

നാടകകലാകാരന്മാര്‍ക്ക് വേണ്ടി മമ്മൂട്ടിയും ലാലും

മലയാള സിനിമയില്‍ വീണ്ടും നന്മയുടെ നാമ്പുകള്‍ തളിരിടുന്നു. നിലനില്‍പ്പിനായി പോരാടുന്ന നാടക കലാകാരന്മാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ചികില്‍സാ പദ്ധതി നടപ്പാക്കാന്‍ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും മുന്നിട്ടിറങ്ങുന്നത് എല്ലാവര്‍ക്കുമൊരു മാതൃകയായി മാറുകയാണ്.

പ്രതിവര്‍ഷം 10 കോടി രൂപ മൂല്യമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ മൂന്നു വര്‍ഷത്തേക്കുള്ള പ്രീമിയം ഇവരാണ് അടയ്ക്കുന്നത്. മൂന്നുകൊല്ലം കൊണ്ട് 30 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നാടകകലാകാരന്മാര്‍ക്ക് ലഭിയ്ക്കുക.

ആദ്യ വര്‍ഷത്തെ പ്രീമിയമായി ലക്ഷക്കണക്കിന് രൂപ ഇവര്‍ അടച്ചു കഴിഞ്ഞിട്ടുണ്ട്. നാടകവേദിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നവരെ ഇഎസ്‌ഐയുടെ പരിധിയില്‍ കൊണ്ടുവരാന്‍ അക്കാദമി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനു ശേഷം ഈ ചികില്‍സാ പദ്ധതിക്ക് ഇഎസ്‌ഐയുടെ ഗുണഫലങ്ങള്‍ ലഭിയ്ക്കും.

അതുവരെ ഈ കലാകാരന്‍മാര്‍ക്കു തങ്ങള്‍ തുടങ്ങിവയ്ക്കുന്ന പ്രീമിയം പ്രയോജനപ്പെടുമെന്നതില്‍ കൃതാര്‍ഥരാണെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പ്രസ്താവനയിലൂടെ അറിയിച്ചു.

നാടക രംഗത്തിനു വേണ്ടി ജീവിച്ച് ഒന്നും നേടാനാവാതെ കടന്നുപോയ ഒട്ടനേകം കലാകാരന്മാരുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. നാടകത്തെ ജീവിതമാക്കിയ ഒരുപാടുപേര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അവര്‍ക്കൊരു കൈത്താങ്ങാണു പദ്ധതിയുടെ ലക്ഷ്യം.

No comments:

Post a Comment