
1951 സെപ്റ്റംബര്‍ മാസം 7 തീയ്യതി രാവിലെ 10.30 ന് വിശാഖം നക്ഷത്രത്തില്‍ കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തില്‍ ജനിച്ച മുഹമ്മദ് കുട്ടി ഇസ്മയില്‍ പാണാപറമ്പില്‍ എന്ന മനുഷ്യനെ ഒരു മലയാളിക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാ മലയാളിയുടേയും സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയെന്നും മമ്മൂക്കയെന്നും വിളിക്കുന്ന ഈ മനുഷ്യന്‍ .
ഒരിടത്തരം കുടുംബത്തില്‍ പിറന്ന അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ ഉത്തുംഗ ശൃംഗങ്ങളില്‍ ചിരപ്രതിഷ്ടനാണ്. അദ്ദേഹത്തിന്റെ ജാതകം പ്രസിദ്ധരായ മറ്റു പലരുടേയും അപേക്ഷിച്ച് വളരെ ഉത്തമമാണ്. തുലാം ലഗ്നത്തില്‍ ജനിച്ച മമ്മൂട്ടിയുടെ ബഹൃത്തല്ലാത്ത സുന്ദരമായ ശരീരവും, വിശാലമായ മുഖവും, സുന്ദരങ്ങളായ കണ്ണുകളും, വിരിഞ്ഞ നെഞ്ചും ആണ്‍ സൗന്ദര്യത്തിന്റെ പര്യായമായ ബാഹ്യസൗന്ദര്യവും ആ ലഗ്നത്തിന്റെ പ്രകൃതങ്ങള്‍ തന്നെ ആണ് .
ലഗ്നാധിപനായ ശുക്രന്‍ പതിനൊന്നാം ഭാവത്തില്‍ (സര്‍വ്വാഭീഷ്ട സ്ഥാനം) അഭീഷ്ട സ്ഥാനാധിപനായ സൂര്യനോടും , ഭാഗ്യാധിപനായ ബുധനോടും, ഉന്നതികാരനായ കേതുവിനോടും ചേര്‍ന്ന് നില്‍ക്കുന്നു. ലഗ്നാധിപനായ ശുക്രന്‍ പതിനൊന്നാം രാശിയായ ചിങ്ങത്തില്‍ നില്‍ക്കുമ്പോഴുള്ള ഫല ശ്ലോകം നോക്കുക.
ഹരൗ യോഷാപ്താര്‍ഥ പ്രവര യുവതിര്‍ മന്ദതനയ
ഇതിന്റെ സാരാംശം, സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടവനായും (സൗന്ദര്യത്തിനും ശരീരത്തിനും സ്വഭാവത്തിനും ഉടമ ), ഉല്‍കൃഷ്ടയായ ഭാര്യയുള്ളവനും, കുറഞ്ഞ സന്താനങ്ങള്‍ ഉള്ള ആളുമായിരിക്കും. കൂടാതെ എല്ലാ പ്രായത്തിലുള്ളവരേയും ആകര്‍ഷിക്കത്തക്കവിധമുള്ള സ്വഭാവ സവിശേഷതയ്ക്ക് ഉടമയായിരിക്കും. മാത്രമല്ല ശുദ്ധഗതിക്കാരനുമായിരിക്കും. ലഗ്നത്തെ ദൃഷ്ടി ചെയ്യുന്നത് രണ്ടാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനായ കുജനാണ് . ഇതിന്റെ ഫലം പൌരുഷമുള്ള ശരീരമായിരിക്കും. കുട്ടിക്കാലത്ത് പലതരത്തിലുള്ള മുറിവുകളും സംഭവിച്ചിട്ടുണ്ടാകാം.
ലഗ്നാധിപനായ ശുക്രന്‍ പതിനൊന്നാം ഭാവത്തില്‍ വര്‍ഗ്ഗോത്തമം ചെയ്തിരിക്കുന്നു. ഒരു ജാതകത്തില്‍ ഒരു ഗ്രഹം വര്‍ഗ്ഗോത്തമം ചെയ്താല്‍ ഫലം ആ ഗ്രഹം ഉച്ചത്തില്‍ നില്‍ക്കുന്നതിന് തുല്യമാണ് . ലഗ്നം കൊണ്ട് ചിന്തിക്കുന്നത് ആത്മപ്രഭാവമാണ് . ഇപ്രകാരത്തില്‍ അദ്ദേഹത്തിന്റെ ലഗ്നാധിപന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന ഫലം പ്രദാനം ചെയ്യുന്നു. ശുക്രന്‍ ഈ ജാതകത്തില്‍ എട്ടാം ഭാവാധിപന്‍ കൂടിയാണ് . എട്ടാം ഭാവം നഷ്ടഭാവമാണ്. നഷ്ടഭാവമെന്നാല്‍ ആയുസ്സ് ,രോഗം,ധനനഷ്ടം എന്നിവയാണ് . ആ ഭാവാധിപന്‍ വര്‍ഗ്ഗോത്തമം ചെയ്തതു കൊണ്ട് ഈ ഭാവങ്ങളെ ഹരിക്കപ്പെടുന്നു. ജാതകന്‍ ദീര്‍ഘായുസ്സുള്ളവനും, ആരോഗ്യ ദൃഢഗാത്രനും , ധനികനും ആയിരിക്കും.
ശുഭനായ ശുക്രന്‍ (ലഗ്നാധിപന്‍) ഒന്‍പതാം ഭാവാധിപനായ ബുധനുമായി പതിനൊന്നില്‍ യോഗം ചെയ്തിരിക്കുന്നു. ഈ ദ്വിഗ്രഹ യോഗത്തിന്റെ ഫലം ജാതകന്‍ മതപരമായ കാര്യങ്ങളില്‍ ശ്രദ്ധാലുവും , ദൈവവിശ്വാസിയും, നിര്‍മ്മലമായ ഹൃദയത്തിനുടമയും ആയിരിക്കും. ഒന്‍പതാം ഭാവം ദാനം, സഹായം, ധര്‍മ്മം, സേവനം തുടങ്ങിയവയുടേയും പന്ത്രണ്ടാം ഭാവം ചിലവ് , ധൂര്‍ത്ത് എന്നിവയുടേയും ഭാവങ്ങളാണ്. ആയതുകൊണ്ട് ജാതകന്‍ ധര്‍മ്മ സ്ഥാപനങ്ങളേയും സാധുക്കളെയും സഹായിക്കുവാന്‍ സദാ സന്നദ്ധനായിരിക്കും.
ബാല്യകാലം :- ദുരിതങ്ങളും ബാലാരിഷ്ടതകളുമുള്ള ഒരു ബാല്യമായിരുന്നു മമ്മൂട്ടിക്ക് . രണ്ടാം ഭാവാധിപനായ കുജന്‍ പത്താം ഭാവമായ കര്‍ക്കിടകത്തില്‍ (ചന്ദ്രന്റെ സ്വക്ഷേത്രം) നീചം ചെയ്തിരിക്കുന്നു. അങ്ങനെ നീചം ചെയ്തിരിക്കുന്ന കുജനെ ആറാം ഭാവാധിപനായ ഗുരു വിശേഷാല്‍ ദൃഷ്ടി ചെയ്യുന്നു. ആറാം ഭാവം എന്നുപറയുന്നത് കടം , ദുഖം, കഷ്ടപ്പാട് , ദാരിദ്ര്യം ഇവയുടെ ഭാവമാണ് . കൂടാതെ രണ്ടാം ഭാവാധിപന്‍ യോഗകാരനായ ഗുളികായുക്തനായ ശനിയെ വീക്ഷിക്കുന്നു. മുകളില്‍ പറഞ്ഞിരിക്കുന്ന യോഗദൃഷ്ടികള്‍ എല്ലാം തന്നെ സൂചിപ്പിക്കുന്നത് ബാല്യ കാലം കഠിനകരവും , ദുഖങ്ങളും , രോഗപീഢകളും ഉള്ളതായിരിക്കും എന്നതാണ് .
ധൈര്യവും എതിരാളികളും :- മൂന്നാം ഭാവാധിപനായ ഗുരു ആറില്‍ നില്‍ക്കുന്നു. അതും ഗുരുവിന്റെ സ്വക്ഷേത്രത്തില്‍. ഇതൊരു വിപരീത രാജയോഗമാണ് . മൂന്നാം ഭാവത്തെപ്പറ്റി പറയുന്നത് ധൈര്യം , ശക്തി , ആരോഗ്യം, നായകത്വം ഇവയാണ് . അതുകൊണ്ട് ഈ ജാതകന്‍ അപരാജിതന്‍ ആണെന്ന് പറയാം.
ക്ഷിപ്രകോപം :- മമ്മൂട്ടിയെക്കുറിച്ച് ശത്രുക്കള്‍ക്ക് ആരോപിക്കാവുന്ന ഒരു സ്വഭാവ സവിശേഷത അദ്ദേഹത്തിന്റെ ക്ഷിപ്രകോപമാണ് . അതിനുകാരണം ജാതകത്തില്‍ അഞ്ചാം ഭാവാധിപനെയും ഭാവത്തെയും നീചനായ കുജന്‍ ദൃഷ്ടിചെയ്യുന്നതുകൊണ്ടാണ്. ചന്ദ്രലഗ്നം എടുത്താലും അഞ്ചാം ഭാവാധിപന്‍ നീചനായ കുജനെ നോക്കുന്നു.
രോഗങ്ങള്‍ :- അഞ്ചാം ഭാവം ജ്യോതിഷപരമായി ഉദരമാണ് സൂചിപ്പിക്കുന്നത്. രാഹു നില്‍ക്കുന്ന അഞ്ചാംഭാവത്തെ നീചനായ കുജന്‍ വിശേഷാല്‍ ദൃഷ്ടി ചെയ്യുന്നു. കൂടാതെ അഞ്ചാം ഭാവാധിപനായ ശനി അഞ്ചിന്റെ എട്ടില്‍ ഗുളിക ബന്ധത്തോടെ നില്‍ക്കുന്നു. ഈ ലക്ഷണങ്ങള്‍ പറയുന്നത് ഉദരസംബന്ധമായ പല അസുഖങ്ങള്‍ക്കുള്ള സാധ്യതയാണ് . പക്ഷെ മുമ്പ് പറഞ്ഞിട്ടുള്ള വിപരീത രാജയോഗം ഈ അസുഖങ്ങളെ ലഘൂകരിക്കുന്നു . മൂന്നാം ഭാവാധിപനായ ഗുരു ( ശബ്ദകാരകന്‍ ) ആറില്‍ നിന്ന് വായുകാരകനായ ശനി, ഗുളിക ബന്ധത്തോടെ ദൃഷ്ടി ചെയ്യുന്നത് വലത്തെ കര്‍ണ്ണത്തിന് അസുഖങ്ങള്‍ വരുവാനുള്ള സാധ്യത കാണിക്കുന്നു.
വിവാഹ ജീവിതം :- ഏഴാം ഭാവാധിപനായ കുജന്‍ ചന്ദ്ര ക്ഷേത്രത്തില്‍ നീചം ചെയ്തിരിക്കുന്നു. പക്ഷെ ആ കുജന് നീചഭംഗരാജയോഗം ഉള്ളതുകൊണ്ടും കുജന്‍ മൂന്നാം ഭാവത്തില്‍ മൂന്നാം ഭാവാധിപനായ ഗുരുവിനോട് യോഗം ചെയ്ത് അംശയിച്ചിരിക്കുന്നതു കൊണ്ടും ഗുണഫല പ്രധാനമാണ്. ഇതില്‍ നിന്നും ജീവിതപങ്കാളി വളരെ സഹായമനസ്കയും ജീവിതത്തിന്റെ വിഷമകാലഘട്ടങ്ങളില്‍ ധൈര്യം നല്‍കുന്നവളും ആയിരിക്കും.
" ലഗ്നാദുപചയര്‍ക്ഷസ്ഥൌ ശുക്രാസ് തേ ശൌ
സമൃദ്ധിദൌ വിവാഹോത്തര കാലേതു
സുതാ ഭാവ വ്യയം നയ "
സാരാംശം ലഗ്നത്തിന്റെ ഉപചയത്തില്‍ നില്‍ക്കുന്ന ശുക്രനും സപ്തമാധിപനും വിവാഹത്തിനു ശേഷം വളരെ ഗുണദായകരാകുന്നു (ശുഭ പ്രഭരാകുന്നു )
തൊഴില്‍ , ജീവിതമാര്‍ഗ്ഗം:- പത്താം ഭാവത്തിന് കുജബന്ധം വന്നതുകൊണ്ട് നീതിന്യായം ബന്ധപ്പെട്ട തൊഴില്‍ പറയാം . പക്ഷെ കുജന്‍ നീചനായതുകൊണ്ട് ആ തൊഴിലില്‍ ശോഭിക്കുവാന്‍ പറ്റില്ല. അഞ്ചാം ഭാവത്തെ ജ്യോതിഷത്തില്‍ ഉപരിപഠനമാണ് സൂചിപ്പിക്കുന്നത് . സര്‍ക്കാര്‍കാരനായ രവി അഞ്ചിലേക്ക് ദൃഷ്ടി ചെയ്യുന്നു. ഇവ കൊണ്ടാണ് അദ്ദേഹം നീതിന്യായം ഉപരിപഠനത്തിന് തിരഞ്ഞെടുക്കുവാന്‍ കാരണം. പക്ഷെ ശുക്രന്‍ കുജനേക്കാള്‍ ബലവാനായത് കൊണ്ട് അദ്ദേഹം ഇന്നു കാണുന്ന തരത്തിലുള്ള ഒരു താരമാകാന്‍ സഹായിച്ചത് . പത്താം ഭാവാധിപനായ ചന്ദ്രനും രണ്ടാം ഭാവാധിപനായ കുജനും പരസ്പരം പരിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇതിനെ പരിവര്‍ത്തന രാജയോഗം എന്നാണ് പറയുന്നത്. ഈ യോഗത്തിന്റെ ഫലം ജാതകന്‍ കഠിനാധ്വനിയും, മനോധൈര്യമുള്ളവനും , ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുള്ളവനുമായിരിക്കും എന്നതാണ് . ശ്രീ മമ്മൂട്ടിയുടെ ഈ സ്വഭാവമാണ് അദ്ദേഹത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെന്ന് നിസ്സംശയം പറയാം.
ശുക്രന്‍ കല, സംഗീതം, സൗന്ദര്യം ,സിനിമ തുടങ്ങിയ സുകുമാരകലകളുടെ കാരകനാണ് . ഭാഗ്യാധിപനായ ബുധനും അഭീഷ്ടദായകനായ രവിയും ശുക്രനോട് അഭീഷ്ടസ്ഥാനത്ത് യോഗം ചെയ്തിരിക്കുന്നു. ഈ യോഗം അദ്ദേഹത്തെ സിനിമാലോകത്ത് അജയ്യനാക്കുന്നു.
മാതാപിതാക്കളോടുള്ള ബന്ധം :-മാതൃകാരനായ ചന്ദ്രന്‍ രണ്ടില്‍ നില്‍ക്കുന്നു. പിതൃകാരനായ രവി സ്വക്ഷേത്രത്തില്‍ പതിനൊന്നാം ഭാവത്തില്‍ ലഗ്നാധിപനായ ശുക്രനോട് യോഗം ചെയ്തിരിക്കുന്നു. ഇവ സൂചിപ്പിക്കുന്നത് ജാതകന്‍ എല്ലാകാലത്തും മാതാപിതാക്കളോട് സ്നേഹത്തോടും ആദരവോടും ബഹുമാനത്തോടും പെരുമാറുന്ന മകന്‍ ആയിരിക്കും എന്നാണ് .
സാമ്പത്തികം, വരുമാനം :-രണ്ടാം ഭാവാധിപന്‍ പരിവര്‍ത്തനയോഗത്തിലും, രണ്ടാം ഭാവാധിപനെ ധനകാരകനായ ഗുരു ദൃഷ്ടി ചെയ്യുകയും, പതിനൊന്നാം ഭാവത്തില്‍ (വരുമാനം, പുരസ്‌കാരം, അംഗീകാരം ) 4 ഗ്രഹങ്ങളുടെ യോഗദൃഷ്ടി ബന്ധവും. ഇവ സൂചിപ്പിക്കുന്നത് ജാതകന്റെ അളവറ്റ സമ്പത്തും അനേകം പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിക്കും എന്നാണ് .
മറ്റാരേക്കാളും വളരെയധികം ഉയര്‍ച്ചതാഴ്ചകളിലൂടെ പതറാതെ സഞ്ചരിച്ച മമ്മൂട്ടിയുടെ പ്രധാനപ്പെട്ട സമയങ്ങള്‍ മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. വിസ്താരഭയവും സ്ഥല പരിമിതിയും കൊണ്ടാണ് ദശകാലഘട്ടങ്ങള്‍ മുഴുവനായും പ്രതിപാദിക്കാന്‍ സാധിക്കാത്തത്.
ദശ കാലങ്ങള്‍ :- മലയാള സിനിമയില്‍ മമ്മൂട്ടിയുടെ അരങ്ങേറ്റം ശനി ദശയില്‍ ഗുരുവിന്റെ അപഹാരകാലത്ത് (22-09-1971 to 05-04-1974) "അനുഭവങ്ങള്‍ പാളിച്ചകള്‍ " എന്ന ചിത്രത്തിലായിരുന്നു. ഒരു സീനില്‍ മൂന്നുപേര്‍ ഓടിവരുന്നവരില്‍ ഒരാളായാണ് മമ്മൂട്ടി അഭിനയിച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു. ചിത്രം "കാലചക്രം". 1973 ല്‍ ആണ് ആ ചിത്രം ഇറങ്ങിയത് . അതും ഒരു സീനില്‍ ആദ്യമായി ഡയലോഗ് പറഞ്ഞ് . മമ്മൂട്ടിയുടെ യഥാര്‍ത്ഥ സിനിമ ജീവിതത്തിന്റെ തുടക്കം 1979 - ല്‍ ആണ്. അദ്ദേഹം ശ്രദ്ദേയമായ വേഷം ചെയ്ത " ദേവലോകം " പക്ഷെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ ആ സമയത്തെ ഗ്രഹനില കൊടുക്കുന്നു. ചന്ദ്രാല്‍ 10 ല്‍ ശനി സഞ്ചരിക്കുന്ന കണ്ടകശനി കാലമായിരുന്നു അത്.

1982 - ല്‍ ശനി ചാരവശാല്‍ 11 - ല്‍ സഞ്ചരിക്കുന്ന സമയത്താണ് അക്കാലത്തെ ഏറ്റവും ഹിറ്റായ "യവനിക" എന്ന സിനിമ റിലീസ് ആയത്. ആ സിനിമയിലൂടെ മലയാളികള്‍ പൗരുഷമുള്ള നായകനെ തിരിച്ചറിയുകയായിരുന്നു. കുജന്റെ അപഹാര സമയമായിരുന്നു അത് . ആ സിനിമ നിരൂപകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങി. മമ്മൂട്ടി എന്ന നായകനെ ജനങ്ങള്‍ അംഗീകരിച്ചു .





2011 - ല്‍ വ്യാഴം ചന്ദ്രാല്‍ 6 -ല്‍ സഞ്ചരിക്കുന്ന സമയം. ശത്രുക്കളുടെ വിരോധവും മാനസിക പിരിമുറുക്കങ്ങള്‍ക്കും സാധ്യത കാണുന്നു. കൂടാതെ ശനി 12 - ല്‍ സഞ്ചരിക്കുന്നു. 2012 മെയ് 18 വരെ സമയം അത്ര അനുകൂലമല്ല.

യോഗങ്ങള്‍
അനവധി യോഗങ്ങള്‍ക്കുടമയാണ് ശ്രീ മമ്മൂട്ടി. അവയില്‍ ചിലത് മാത്രം താഴെ കൊടുക്കുന്നു. ദ്വിഗ്രഹയോഗങ്ങള്‍ മുതലായവ സ്ഥല പരമിതി കൊണ്ട് ഒഴിവാക്കിയിട്ടുണ്ട്.
വാസീയോഗം :-ഒരു ഗ്രഹം (കുജ൯ ) രവിയുടെ 12 - ല്‍ നില്‍ക്കുന്നു. ഫലം - സകല സുഖങ്ങളും, സമ്പത്തും ഐശ്വര്യവും സിദ്ധിക്കും.
വേസീയോഗം :- ഒരു ഗ്രഹം (ശനി) രവിയുടെ 2 -ല്‍ നില്‍ക്കുന്നു. ഫലം - ബന്ധുക്കളില്‍ പ്രിയമുള്ളവനും, വരവുചെലവുകള്‍ തുല്യമായിട്ടുള്ളവനും ആയിരിക്കും.
ഉഭയചരീയോഗം :- രവിയുടെ രണ്ടിലും പന്ത്രണ്ടിലും ഗ്രഹങ്ങള്‍ നില്‍ക്കുക. ഫലം - വിദ്യാഭിവൃദ്ധിയും, ധന സമൃദ്ധിയും എന്നും ഐശ്വര്യവും.
ശരഭ യോഗം :-
" ഭൃഗോ കേന്ദ്ര സ്ഥിതേ ചന്ദ്രേ
ശരഭ സഞ്ചിത, തസമി൯
ജാതക ദീര്‍ഘായുര്‍ അനന്ത
ഗുണ വിത്തവാ൯ "
ശുക്ര൯ ചന്ദ്ര കേന്ദ്രത്തില്‍ നിന്നാല്‍ ദീര്‍ഘായുസ്സും അനേകം സദ്‌ഗുണങ്ങളും ധാരാളം ധനവുമാണ് ഫലം.
വിപരീതരാജയോഗം :- അനിഷ്ഠ സ്ഥാനമായ മൂന്നിന്റെ അധിപ൯ (ഗുരു) മറ്റൊരു അനിഷ്ഠ സ്ഥാനമായ ആറില്‍ നില്‍ക്കുന്നു. ഇതിന്റെ ഫലം ശത്രുക്കളുടെ മേല്‍ വിജയവും, ആരോഗ്യദൃഢഗാത്രവും, ധൈര്യവും ആണ് .
അമലയോഗം :- ചന്ദ്രന്റെ പത്താം ഭാവത്തില്‍ ഒരു ശുഭഗ്രഹം നിന്നാല്‍ അമലയോഗം. ഫലം ഒരിക്കലും നശിക്കാത്ത കീര്‍ത്തിയും ധനവും.
സകലാരിഷ്ഠ യോഗം :- പകല്‍ ജനിക്കുകയും ലഗ്നാല്‍ 11 - ല്‍ രവി നില്‍ക്കുകയും ചെയ്യുക. രോഗങ്ങള്‍ ഇല്ലാത്ത ശരീരവും ഐശ്വര്യ ജീവിതവുമാണ്.
രാജയോഗം :- ലഗ്നാധിപനും ഒന്‍പതാം ഭാവാധിപനും 11 - ല്‍. ഫലം - രാജതുല്യമായ ജീവിതം.
പര്‍വ്വത യോഗം :- ലഗ്നാധിപനും 12 ഭാവാധിപനും പരസ്പരം കേന്ദ്രങ്ങളില്‍ . ഫലം - വളരെ വിശാല മനസ്ക്കനും, ഐശ്വര്യവാനും ധനികനും ആയിത്തീരും. ദാനധര്‍മ്മങ്ങളില്‍ തല്പ്പരനും ഫലിതപ്രിയനും ആയിരിക്കും.
പരിവര്‍ത്തന രാജയോഗം :- 2- ഭാവാധിപനും 10 -ഭാവാധിപനും പരസ്പരം പരിവര്‍ത്തനം ചെയ്തിരിക്കുന്നു. ഫലം - സമ്പത്തും ഉയര്‍ന്ന പദവിയും സുഖഭോഗങ്ങളും അനുഭവിക്കുവാ൯ യോഗം ഉണ്ട്.
അതീവസുമാ൯ യോഗം :- ശുഭഗ്രഹങ്ങള്‍ മൂന്നും ലഗ്നത്തിന്റെ ഉപചയത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അതീവസുമാ൯ യോഗം.
നീചഭംഗ രാജയോഗം :- ചന്ദ്ര൯ നീചരാശിയില്‍ നില്‍ക്കുന്നു. നില്‍ക്കുന്ന രാശിയുടെ അധിപ൯ ലഗ്ന കേന്ദ്രത്തില്‍. അല്ലെങ്കില്‍ രണ്ട് നീച൯മാര്‍ പരസ്പരം രാശി മാറി നിന്നാലും നീചഭംഗ രാജയോഗം പറയാം. ഫലം - രാജാക്കന്മാരുടെ രാജവായ് (ചക്രവര്‍ത്തിയായി) ജീവിക്കും.
ശ്രീ മമ്മൂട്ടിക്ക് ഇനിയും ധാരാളം യോഗങ്ങള്‍ ഉണ്ട് അവയെല്ലാം പ്രതിപാദിക്കാതിരിക്കുന്നത് സ്ഥല പരിമിതി കൊണ്ടാണ്. അദ്ദേഹത്തെ സര്‍വ്വേശ്വര൯ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഉപസംഹരിക്കുന്നു.
"ഗുരു ഭ്യശ്ച ഗ്രഹേ ഭൃശ്ച മയാ ബദ്ധോ യമജ്ഞലി:
പ്രസന്ന മനസ്‌തേ മേ സത്യാം കുര്‍വ്വത്തു ഭാരതീം ."
ഗുരുക്ക൯മാര്‍ക്കും ഗ്രഹങ്ങള്‍ക്കും വേണ്ടി എന്നാല്‍ ഈ അഞ്ജലിബദ്ധമായ് അവര്‍ക്ക് സന്തുഷ്ട മാനസരായ് എന്റെ വാക്ക് സത്യമാക്കിത്തീര്‍ക്കട്ടെ .
പ്രശ്ന ഭൂഷണം എം.സി. വിവേക്
കീര്‍ത്തന ആസ്ട്രോളജിക്കല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് സെന്റര്‍ ,
തൃപ്പൂണിത്തുറ.
ഫോണ്‍ : 9995221236
email: mcvivek.astrologer@gmail.com
No comments:
Post a Comment