Friday 23 September, 2011

തിരിച്ചുവരാത്ത സില്‍ക്ക് സ്മിതം

എണ്‍പതുകളുടെ തെന്നിന്ത്യന്‍ യുവത്വം സില്‍ക്ക് സ്മിതയെ പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലാണ്. ഒരു നടി കടിച്ച ആപ്പിള്‍ ലേലം ചെയ്യുന്ന കാര്യം ആലോചിച്ചു നോക്കൂ. സ്മിതയ്ക്കുമാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഖ്യാതിയാണത്.

മുപ്പെത്തെട്ടായിരം രൂപയ്ക്ക് ലേലം കൊണ്ട ആപ്പിളിന് മോഹവിലയുമായ് പിന്നേയും ആളുകളെത്തി. ഒടുവില്‍ ലാത്തിചാര്‍ജ്ജ് വേണ്ടിവന്നു ഇതെല്ലാം സ്മിതയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയാത്തകാര്യങ്ങളാണ്.

വശ്യതയുടെ അവസാനവാക്കായിരുന്ന സ്മിത, ഒന്നര പതിറ്റാണ്ട് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിനിന്ന താരസുന്ദരി. സ്മിത തനിക്ക് പ്രാപ്യമായ രീതി കണ്ടെത്തുകയും അതിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്നതും വളരെ പെട്ടെന്നായിരുന്നു.

ആന്ധ്രപ്രദേശിലെ ഏലൂരില്‍ ജനിച്ച വിജയലക്ഷ്മിക്ക് സാമ്പത്തിക ക്‌ളേശം മൂലം നാലാം ക്‌ളാസ്സില്‍ പഠിപ്പുനിര്‍ത്തേണ്ടിവന്നു. സിനിമ സ്വപ്നം കണ്ടാണ് അവള്‍ ചെന്നൈയിലുള്ള അമ്മായിയുടെ വീട്ടിലെത്തുന്നത്.

ഒരു മില്‍ തൊഴിലാളിയായ് ജോലിചെയ്യേണ്ടിവന്നു അവള്‍ക്ക് ചെറുപ്രായത്തില്‍. എന്നാല്‍ അവള്‍ക്കു കാലം കരുതിവെച്ചത് ആര്‍ക്കും തട്ടികളയാന്‍ കഴിയില്ല എന്നു വിനു ചക്രവര്‍ത്തി എന്ന സംവിധായകന്‍ അവളെ കണ്ടെടുക്കുന്നതിലൂടെ തെളിയിക്കപ്പെട്ടു.

കറുത്തു മെലിഞ്ഞ ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ കണ്ട അപാരമായ വശ്യത മറ്റുള്ളവരില്‍നിന്നു അവളെ മാറ്റിനിര്‍ത്തി. തുടര്‍ന്നു സംവിധായകന്റെ ഭാര്യ അവളെ ഇംഗ്‌ളീഷ് പഠിപ്പിച്ചു , ഡാന്‍സ് പഠിക്കാനും അവസരമുണ്ടാക്കി.

സിനിമക്കാര്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി. 1979ല്‍ വണ്ടി ചക്രം എന്ന ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമായി വന്ന വിജയലക്ഷ്മിക്ക് സംവിധായകന്‍ സമ്മാനിച്ച പേരാണ് സ്മിത. ആദ്യചിത്രത്തോടെ സില്‍ക്ക് സ്മിതയായി.
ആന്റണി ഈസ്‌റ്‌മേന്റെ ഇണയെ ത്തേടിയാണ് സ്മിതയുടെ ആദ്യ റിലീസ് ചിത്രം. മൂണ്‍ട്ര്മുഖം എന്ന ചിത്രത്തിലൂടെ സ്മിത പോപ്പുലറായി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചിത്രങ്ങള്‍ അവരെ തേടിവന്നു കൊണ്ടേയിരുന്നു. അര്‍ദ്ധനഗ്‌നമായ ശരീരത്തിന്റെ അനിതരസാധാരണമായ ലാസ്യപ്രകടനങ്ങളും മാദകമായ കണ്ണുകളും ചുണ്ടുകളുടെ ചലനവൈഭവങ്ങളും സ്മിതയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കി.
പ്രണയവും വിഷാദവും സ്മിതയെ തളര്‍ത്തി
തന്റെ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം തന്നിലേക്ക് തന്നെ കയറികൂടിയ വിധം പിന്നീട് സ്മിത തളരാന്‍ തുടങ്ങി. സ്വന്തമായ് സിനിമ തീര്‍ക്കാന്‍ തുനിഞ്ഞതും സൗഹൃദം നടിച്ചെത്തിയവനോട് ഇഷ്ടം തോന്നിയതും ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിച്ചതുമെല്ലാം സ്മിതയ്ക്ക് വിനയായി.

എല്ലാംകൂടിഒടുവില്‍ സ്മിതയെ വിഷാദ രോഗത്തിലേക്ക് നടത്തുകയായിരുന്നു. ആഘോഷങ്ങളുടെയും ആഹ്‌ളാദാരവങ്ങളുടേയും നടുവില്‍ ആടിതീര്‍ത്ത സ്മിതയുടെ ജന്മം ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിശബ്ദമായ് എരിഞ്ഞമരുകയായിരുന്നു.

ആത്മഹത്യയെന്ന് സംശയിക്കുന്ന വിധമാണ് തനിച്ചുതാമസിക്കുന്ന ഫ്‌ളാറ്റില്‍ സ്മിതയെ കണ്ടെത്തിയത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി (അഥര്‍വ്വം) മോഹന്‍ലാല്‍(സ്ഫടികം) എന്നിവര്‍ക്കൊപ്പമെല്ലാം സ്മിത അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെ മലയാളസിനിമ തുമ്പോളികടപ്പുറമായിരുന്നു. ഒടുവില്‍ ചെയ്ത ചിത്രം കോയമ്പത്തൂര്‍ മാപ്പിളൈ..

1996ല്‍ കെട്ടുപോയ ജീവിതം സ്മിതയ്ക്ക് ഒരിക്കലും സ്വസ്ഥത നല്കിയിരുന്നില്ല. വിജയത്തിന്റെ ഒരു ഉപോത്പന്നമായി സ്മിതയെ ഉപയോഗപ്പെടുത്തിയവരും അവര്‍ക്ക് മോശമായ ഇമേജ് നല്‍കി.

കാപട്യം ഉള്ളില്‍ നിറച്ച് പുറത്ത് ചിരിയും മാന്യതയും കൊണ്ടുനടന്ന സിനിമയുടെ തമ്പുരാക്കന്‍മാര്‍ക്ക് സ്മിത ഒരു രണ്ടാം തരക്കാരിയായിരുന്നു. ജീവിക്കാന്‍ വേണ്ടി കപട ഇമേജ് സൂക്ഷിക്കാതെ പോയ സ്മിത മരണശേഷവും നിറഞ്ഞ ഓര്‍മ്മയാവുന്നതും അതുകൊണ്ടുതന്നെ.

No comments:

Post a Comment