Thursday 22 September, 2011

കൊമ്പന്‍മാര്‍ പോയി; ഇനി മോഹന്‍ലാലിന്റെ ടീം

ഗര്‍ഭാവസ്ഥയില്‍ തന്നെ തീക്കളി നടത്തിയ കൊച്ചിയുടെ കൊമ്പന്‍മാരുടെ വിധി ഏതാണ്ട് എഴുതപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.

ഐപിഎല്ലെന്ന പണംവാരിക്കളിയുടെ സംഘാടകരായ ബിസിസിഐയ്ക്ക് തുടക്കം മുതലെ തലവേദന സൃഷടിച്ച് കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയെന്ന തൊല്ല കഴിഞ്ഞദിവസമാണ് ബിസിസിഐ ഒഴിവാക്കിയത്. ബാങ്ക് ഗ്യാരണ്ടിയടച്ചില്ലെന്ന കാരണം പറഞ്ഞ് കൊച്ചി ടീമിനെ ബിസിസിഐ നിഷ്്ക്കരുണം പുറത്താക്കിയപ്പോള്‍ നിരാശയിലാണ്ടത്. കേരളത്തിലെ ക്രിക്കറ്റ് പ്രേമികളാണ്.

കൊച്ചിയുടെ കൊമ്പന്‍മാര്‍ പോയാലും ഇല്ലെങ്കിലും മലയാളിയ്ക്ക് സ്വന്തമായി ഒരു ട്വന്റി20 ടീം കൂടി ഈ വര്‍ഷം ഉയിരെടുക്കുകയാണ്. ഐപിഎല്ലിനെ പോലെ പണംവാരിക്കളിയായി മാറിയ സിസിഎല്ലിലേക്കാണ് (സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്) കേരളവും ചുവടുവെയ്ക്കുന്നത്.

ഐപിഎല്‍ മോഹങ്ങള്‍ കൈവെടിഞ്ഞ പ്രിയദര്‍ശനും മോഹന്‍ലാലുമാണ് മലയാളികളുടെ സിസിഎല്‍ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി രംഗത്തെത്തുന്നത്. പ്രിയന്റെ ഭാര്യയും മുന്‍കാല നടിയുമായ ലിസിയാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ മേധാവി.

ആദ്യ സീസണില്‍ തന്നെ മെഗാഹിറ്റായ സിസിഎല്ലില്‍ നാല് ടീമുകളാണ് പങ്കെടുത്തത്. തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി സിനിമകളെ പ്രതിനിധീകരിച്ച് അവിടെങ്ങളിലെ താരങ്ങള്‍ നയിച്ച ക്രിക്കറ്റ് ലീഗ് സിനിമാപ്രേമികളെയും ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു.


2012 ജനുവരി 21നാണ് സിസിഎല്‍ രണ്ടാംസീസണിലെ മത്സരങ്ങള്‍ ആരംഭിയ്ക്കുന്നത്. ഫെബ്രുവരി 12ന് ഫൈനല്‍. ലാലും പ്രിയദര്‍ശന്‍ കുടുംബവും ചേര്‍ന്ന് മൂന്ന് കോടി രൂപയാണ് ടീമിനായി മുടക്കിയിരിക്കുന്നത്. ഇതില്‍ 90 ലക്ഷം രൂപ ഫ്രാഞ്ചൈസി ഫീയാണെന്നും ടീം ഉടമ കൂടിയായ ലിസി പ്രിയദര്‍ശന്‍ പറയുന്നു. ടീമംഗങ്ങളുടെ ചെലവ് മൊത്തം ഉടമകളാണ് നോക്കുക. കേരള സ്‌ട്രൈക്കേഴ്‌സിന് സ്‌പോണ്‍സര്‍മാരെയൊന്നും കിട്ടിയിട്ടില്ലെന്ന് ലിസി വ്യക്തമാക്കി.

No comments:

Post a Comment