Saturday, 13 August 2011

ശോഭന ശ്രീകൃഷ്‌ണനാകുന്നു

മലയാളികള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട നായികയാണ്‌ ശോഭന. അഭിനയ പൂര്‍ണത കൊണ്ട്‌ പ്രേക്ഷകരുടെ മനം കവര്‍ന്ന അഭിനേത്രി. സിനിമയേക്കാളേറെ നൃത്തത്തെ പ്രണയിച്ച താരം. നൃത്തത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ്‌ ശോഭനയുടേത്‌. സിനിമയുടെ തിരക്കില്‍ നിന്നെല്ലാം അകന്ന്‌ ചെന്നൈയില്‍ ഡാന്‍സ്‌ സ്‌കൂള്‍ നടത്തിവരികയാണ്‌ ശോഭന.
ശോഭനയുടെ ശിഷ്യര്‍ ഒരുക്കുന്ന നൃത്ത-സംഗീത നാടകത്തില്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ വേഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ശോഭന ഇപ്പോള്‍. ഏറെ പ്രത്യേകതകളോടെയാണ്‌ ശോഭനയും ശിഷ്യരും ശ്രീകൃഷ്‌ണന്റെ കഥ നൃത്ത നാടക രൂപത്തില്‍ അവതരിപ്പിക്കുന്നത്‌. ശോഭനയ്‌ക്ക്‌ ശിഷ്യര്‍ നല്‍കുന്ന ഏറ്റവും ഉത്തമമായ ഗുരുദക്ഷിണയായാണ്‌ ഈ നാടകത്തെ വിശേഷിപ്പിക്കുന്നത്‌.
ഈ നൃത്ത നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളാണ്‌. സൂര്യ, ശബാന ആസ്‌മി, കൊങ്കണ സെന്‍, നന്ദിത ദാസ്‌, പ്രഭു, രാധിക എന്നിവരുടെ ശബ്‌ദം ശോഭനയുടെ നാടക സംരഭത്തെ ഉജ്ജ്വലമാക്കും. ഓസ്‌ക്കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ്‌ ഇതിന്റെ ശബ്‌ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്‌. പ്രശസ്‌ത കലാസംവിധായകന്‍ രാജീവനാണ്‌ പശ്‌ചാത്തലം ഒരുക്കിയിരിക്കുന്നത്‌. ഓഗസ്‌റ്റ്‌ 22ന്‌ ചെന്നൈയിലെ മ്യൂസിക്‌ അക്കാദമിയില്‍ ആദ്യമായി ഈ നാടകം അവതരിപ്പിക്കും. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ഈ നാടകം അവതരിപ്പിക്കുമെന്ന്‌ ശോഭന പറഞ്ഞു.

No comments:

Post a Comment