Wednesday, 10 August 2011

അറബിയും ഒട്ടകവും പി മാധവന്‍ നായരും

‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ - പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേരാണിത്. ഈ ചിത്രത്തില്‍ പി മാധവന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ‘ഒട്ടകം’ മുകേഷ് തന്നെ. അറബിയോ? ബോളിവുഡില്‍ വില്ലനായും ഹാസ്യതാരമായും ശ്രദ്ധേയനായ ശക്തി കപൂറാണ് ചിത്രത്തില്‍ അറബിയായി എത്തുന്നത്.

എന്നാല്‍ ‘മാധവന്‍ നായര്‍’ എന്ന കഥാപാത്രത്തിന് ഒരു പുതിയ അവകാശി കൂടി എത്തിയിരിക്കുന്നു. ഹിന്ദി സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ ആണ് മാധവന്‍ നായരായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സംഗതി മനസിലായില്ലേ? ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന മാധവന്‍ നായര്‍ എന്ന നായക വേഷത്തെ അജയ് ദേവ്ഗണ്‍ ഹിന്ദിയില്‍ അവതരിപ്പിക്കും. പ്രിയദര്‍ശന്‍ തന്നെയാണ് സംവിധാനം.

പ്രിയദര്‍ശന്‍ ഇത്തവണ പതിവ് തെറ്റിക്കുകയാണ്. റിലീസായ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സാധാരണയായി പ്രിയന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാറുള്ളത്. എന്നാല്‍ ‘അറബിയും ഒട്ടകവും’ റിലീസിന് മുമ്പേ റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സബ്ജക്ടിലുള്ള വിശ്വാസ്യതയാണ് പ്രിയനെ ഇതിന് പ്രേരിപ്പിച്ചത്. അജയ് ദേവ്ഗണിന്‍റെ നിര്‍ബന്ധവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

തമിഴ് ചിത്രമായ ‘സിങ്കം’ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് മെഗാഹിറ്റായതോടെ തെന്നിന്ത്യയില്‍ നിന്നുള്ള സിനിമകള്‍ കൂടുതലായി റീമേക്ക് ചെയ്യാനുള്ള തീരുമാനത്തിലാണ് ദേവ്ഗണ്‍. പ്രിയന്‍റെ ഏറ്റവും നല്ല സുഹൃത്തായ അദ്ദേഹം ‘അറബിയും ഒട്ടകവും’ എന്ന സിനിമയുടെ കഥ കേട്ട് ആകെ ത്രില്ലടിച്ചു. ഉടന്‍ തന്നെ സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ പ്രിയനെ നിര്‍ബന്ധിക്കുകയായിരുന്നു. തേസ്, ആക്രോശ് എന്നിവയാണ് അജയ് ദേവ്ഗണ്‍ അഭിനയിച്ച പ്രിയദര്‍ശന്‍ ചിത്രങ്ങള്‍.

അതേസമയം, ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ ചിത്രീകരണം അന്തിമഘട്ടത്തിലാണ്. മോഹന്‍ലാലും മുകേഷുമൊത്തുള്ള മികച്ച കോമഡി രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. രചനയും സംവിധാനവും പ്രിയദര്‍ശന്‍. മാത്രമല്ല, നിര്‍മ്മാണ പങ്കാളികൂടിയാണ് അദ്ദേഹം. അശോക് കുമാര്‍, നവി ശശിധരന്‍, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്‍ അല്‍ മു അയ്നി എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍.

പൂര്‍ണമായും അബുദാബിയില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും. ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്‍. സെവന്‍ ആര്‍ട്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്‍ ക്യാമറയും സാബു സിറിള്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.

No comments:

Post a Comment