Wednesday, 14 December 2011

വ്യാപാരി-അറബി ടിക്കറ്റുകള്‍ കിട്ടാനില്ല!!

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന വെനീസിലെ വ്യാപാരിയും അറബിയും ഒട്ടകവും റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിയ്ക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് ഒരാഴ്ച മുമ്പേ റിസര്‍വേഷന്‍ ആരംഭിച്ചുകൊണ്ട് രണ്ട് സിനിമകളും പുതിയ മാര്‍ക്കറ്റിങ് പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടിരിയ്ക്കുന്നത്.

തമിഴ്-തെലുങ്ക് സിനിമ വിപണിയില്‍ ഏറെക്കാലം മുമ്പേ അഡ്വാന്‍സ് റിസര്‍വേഷന്‍ നിലവിലുണ്ടെങ്കിലും മലയാള സിനിമ ഇത്രയും കാലം ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നിരുന്നില്ല. ഈ മാതൃക പരീക്ഷിയ്ക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ മുതല്‍മുടക്കിയെത്തുന്ന ചിത്രങ്ങളുടെ സ്ഥിതി കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് കരുതപ്പെടുന്നത്.

രണ്ട് സിനിമകളും റിലീസ് ചെയ്യുന്ന എ ക്ലാസ് തിയറ്ററുകളില്‍ ആദ്യ വാരാന്ത്യത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വാന്‍സ് റിസര്‍വേഷന്‍ വിജയിക്കുകയാണെങ്കില്‍ വന്‍നഗരങ്ങളിലെ തിയറ്ററുകളിലെ ആദ്യ 5-10 ഷോകള്‍ക്ക് മുമ്പ് ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങുമെന്ന് ഉറപ്പാണ്.

പുതിയ റിലീസുകള്‍ രണ്ട് താരങ്ങള്‍ക്കും നിര്‍ണായകമായതിനാല്‍ ബോക്‌സ് ഓഫീസ് പ്രകടനത്തെ ഏറെ ആകാംക്ഷയോടെയാണ് സിനിമാവിപണി ഉറ്റുനോക്കുന്നത്. ക്രിസ്മസ് സിനിമകള്‍ക്ക് ലഭിച്ച ഗംഭീര പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ അഡ്വാന്‍സ് റിസര്‍വേഷനിലും സ്വാധീനം ചെലുത്തുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.

No comments:

Post a Comment