Saturday, 26 November 2011

എനിയ്ക്ക് പൃഥ്വിയെ വേണ്ട: റോഷന്‍ ആന്‍ഡ്രൂസ്

അടുത്തസൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്‍ പൃഥ്വിരാജിന്റെ താരമൂല്യമിടിഞ്ഞതാണ് ഇപ്പോള്‍ മലയാളചലച്ചിത്രലോകത്തെ ഏറ്റവും വലിയ വാര്‍ത്ത. രണ്ടു ചിത്രങ്ങളില്‍ നിന്നും ശരവേഗത്തില്‍ പൃഥ്വി ഔട്ടായതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. റോഷന്‍ അന്‍ഡ്രൂസിന്റെ മുംബൈ പൊലീസും വൈശാഖിന്റെ മല്ലുസിങുമാണ് പൃഥ്വിരാജിന് നഷ്ടമായിരിക്കുന്നത്. ഡേറ്റ് ക്ലാഷാണ് ഈ വേഷങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രഖ്യാപിച്ചസമയം മുതല്‍തന്നെ വ്ാര്‍ത്തയില്‍ ഇടംനേടിയചിത്രമാണ് മുംബൈ പൊലീസ്. പൃഥ്വിരാജും തമിഴ്‌നടന്‍ ആര്യയും ഒന്നിക്കുന്ന ചിത്രമെന്നതായിരുന്നു ഇതിന്റെ സവിശേഷതയായി പറഞ്ഞിരുന്നത്. എന്നാല്‍ പൃഥ്വിയ്ക്ക് പിന്നീട് ഈ ചിത്രം നഷ്ടപ്പെട്ടു. പകരം മമ്മൂട്ടിയെയാണ് നായകനായി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വന്നു.

മമ്മൂട്ടിയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പൃഥ്വിയെ വേണ്ടെന്ന് താന്‍ തീരുമാനിച്ചതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. തന്റെ ചിത്രത്തിനായി പൃഥ്വിയെ വേണ്ടെന്ന് റോഷന്‍ തുറന്നടിച്ചിരിക്കുകയാണ്. ഒരു ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോഷന് ആന്‍ഡ്രൂസ് പൃഥ്വിയെ വിമര്‍ശിച്ചിരിക്കുന്നത്.

എന്റെ സിനിമയ്ക്കിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നായകനെ എനിക്കാവശ്യമില്ല. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല- സംവിധായകന്‍ പറയുന്നു.


വേണ്ടത് അര്‍പ്പണമനോഭാവമുള്ള നടന്‍: ആന്‍ഡ്രൂസ്

എന്നെ സംബന്ധിച്ചിടത്തോളം മുംബൈ പോലീസ് എന്ന സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല-റോഷന്‍ വ്യക്തമാക്കി.

തിരക്കുകള്‍ എല്ലാവര്‍ക്കും വേണം. എന്നാല്‍, ഒരു നടന്‍ ഒരു സിനിമയുമായി കരാര്‍ ചെയ്താല്‍ പിന്നെ ആ സിനിമയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. അതിനിടയിലുള്ള മറ്റു തിരക്കുകള്‍ ശരിയാവില്ല. ചിത്രത്തോട് അര്‍പ്പണ ബോധത്തോടെ സഹകരിക്കുന്ന നടനെ മാത്രമേ മുംബൈ പൊലീസിലേക്ക് തെരഞ്ഞെടുക്കൂ എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഒരു നടനെ പ്രത്യേകിച്ചും തിരക്കുള്ള ഒരാളെ അഭിനയിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ തിരക്കുകളും നമ്മല്‍ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ എപ്പോഴും തിരക്കുമായി നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംവിധായകരും തിരക്കുള്ളവരല്ലേ, ഇവിടുത്തെ സംവിധായകരെല്ലാം പണിയില്ലാതെ വെറുതെയിരിക്കുന്നവരല്ല, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകള്‍.

തങ്ങളുടെ നിലപാടുകള്‍ തുറന്നുപറയാന്‍ സംവിധായകര്‍ തയ്യാറാവണം. മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ട്. പുതുമുഖത്തെ വച്ചാണെങ്കിലും ഈ ചിത്രം ചെയ്യാമെന്നുള്ള ധൈര്യവുമുണ്ട്. സിനിമ സംവിധായകരുടേതായിരിക്കണം എങ്കില്‍ മാത്രമേ മലയാള സിനിമയില്‍ ശക്തമായ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ-റോഷന്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോക്ടര്‍ ബിജുവും പൃഥ്വിരാജിന്റെ നിസ്സഹകരണത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ബിജുവിന്റെ വിമര്‍ശനത്തിന് പിന്നീട് പൃഥ്വി മറുപടി നല്‍കിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ വിമര്‍ശനത്തിനും മറുപടിയുമായി വൈകാതെ പൃഥ്വിയെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.



No comments:

Post a Comment