Saturday 8 October, 2011

ടിന്റുമോന്‍ പുറത്ത്; പൃഥ്വി അകത്ത്

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആര് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകാം. എന്നാല്‍ മലയാള ചലച്ചിത്ര ലോകത്തെ വിവാദ താരം ആര് എന്നു ചോദിച്ചാല്‍ ഒരേ ഒരു ഉത്തരം മാത്രമേ ലഭിയ്ക്കൂ-പൃഥ്വിരാജ്.എന്തും തുറന്നടിച്ച് പറയുന്ന പൃഥ്വിയുടെ സ്വഭാവം മലയാളികള്‍ക്ക് പണ്ടേ ഇഷ്ടമായിരുന്നില്ല. തനിയ്ക്ക് അറിയാവുന്ന കാര്യങ്ങള്‍ അത് എത്ര വിവാദപരമാണെങ്കിലും വിളിച്ചു പറയുക എന്നതാണ് പൃഥ്വിയുടെ ശീലം. മലയാള ചലച്ചിത്ര ലോകത്ത് മറ്റു നടന്‍മാരില്‍ നിന്ന് പൃഥ്വിയെ വ്യത്യസ്തമാക്കിയതും ഈ സ്വഭാവമാണ്.

പല അഭിമുഖങ്ങളിലും പൃഥ്വി നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ കീറി മുറിച്ച് വിവാദമുണ്ടാക്കാന്‍ ചാനലുകാരും ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താങ്കള്‍ ആസിഫ് അലിയെ എപ്പോഴെങ്കിലും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് താന്‍ ആസിഫിന്റെ ഒരു ചിത്രം മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത് കണ്ടപ്പോള്‍ ആസിഫിനെ അല്ല ചിത്രത്തിന്റെ സംവിധായകനെയാണ് അഭിനന്ദിയ്ക്കാന്‍ തോന്നിയതെന്നും പൃഥ്വി പറഞ്ഞു. ട്രാഫിക് എന്ന ചിത്രത്തെ പറ്റിയായിരുന്നു പൃഥ്വിയുടെ പരാമര്‍ശം. എന്നാല്‍ ഇതിനെ വളച്ചൊടിച്ച് ആസിഫിനെ അഭിനന്ദിയ്ക്കണമെന്ന് തനിയ്ക്ക് തോന്നിയിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നാക്കി മാധ്യമങ്ങള്‍.

യൂട്യൂബിലൂടെ ഉള്ള ആക്രമണത്തിന് പുറമേ പൃഥ്വിയ്‌ക്കെതിരേ എസ്എംഎസുകളുടെ പ്രളയമാണിപ്പോള്‍. പൃഥ്വിയെ ഇംഗ്ലീഷ് അറിയാത്തവനായും വികലമായ ഇംഗ്ലീഷ് പറയുന്നവനായും ചിത്രീകരിയ്ക്കുന്ന നൂറു കണക്കിന് എസ്എംഎസുകളാണ് ദിനംപ്രതി ജനിയ്ക്കുന്നത്. മുന്‍പ് ടിന്റുമോനായിരുന്നു എസ്എംഎസുകളിലെ താരമെങ്കില്‍ ഇന്ന് 'പൃഥ്വിരാജപ്പ'നാണ് ആ സ്ഥാനം ഏറ്റെടുത്തിരിയ്ക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ തേജാഭായ് എന്ന ചിത്രത്തിനെതിരേയും എസ്എംഎസുകളുടെ പ്രവാഹമായിരുന്നു. ടിന്റുമോനും പൃഥ്വിരാജുമായി നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലുള്ള എസ്എംഎസ് ആയിരുന്നു അതിലൊന്ന്. ടിന്റുമോനോട് തന്റെ ചിത്രമായ തേജാഭായ് കണ്ടോ എന്ന് പൃഥ്വി ചോദിയ്ക്കുന്നു. അപ്പോള്‍ ടിന്റുമോന്റെ ഇല്ല എന്ന മറുപടി കേട്ട പൃഥ്വി കാരണം തിരക്കുമ്പോള്‍ തീയേറ്ററില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടിയാണ് മാമാ എന്നാണ് ടിന്റുമോന്‍ പറയുന്നത്. തേജാഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രം റിലീസായതിന്റെ അടുത്ത ദിനങ്ങളിലായി പ്രചരിച്ച എസ്എംഎസ് ആണ് ഇത്. നടനോടുള്ള എതിര്‍പ്പ് അദ്ദേഹത്തിന്റെ ചിത്രങ്ങളെ എങ്ങനെ മോശമായി ബാധിയ്ക്കുമെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണിത്.
പൃഥ്വിയുടെ വിവാഹമോ വില്ലനായത്?
 
നന്ദനത്തിലെ പാവം പയ്യനായി പ്രേക്ഷക മനസ്സില്‍ ചേക്കേറിയ പൃഥ്വിരാജ് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് ജനമനസ്സില്‍ വില്ലനായത്. പ്രായത്തിനനുസരിച്ച വേഷമല്ല സൂപ്പര്‍ താരങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന പൃഥ്വിയുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയപ്പോഴും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാജു ചെയ്തത്.

എന്നാല്‍ വിവാഹത്തോടെയാണ് പൃഥ്വി കൂടുതല്‍ വിവാദ നായകനായത്. പൃഥ്വിയ്ക്ക് നന്നായി ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാമെന്ന് ഭാര്യ ഒരു ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞതാണ് തുടക്കം. ഇതിന്റെ ചുവടു പിടിച്ച് യുടൂബില്‍ വികലമായി ഇംഗ്ലീഷ് സംസാരിയ്ക്കുന്ന വീഡിയോ പ്രത്യക്ഷമായി. എന്നാല്‍ പൃഥ്വിയെ എതിര്‍ക്കുന്നവരുടെ രോഷം അതുകൊണ്ടൊന്നും അടങ്ങിയില്ല. പൃഥ്വിയേയും ഭാര്യയേയും ചേര്‍ത്തുള്ള എസ്എംഎസുകള്‍ സൃഷ്ടിക്കുന്നതിന് മാത്രമായി സമയം നീക്കി വച്ചിരിക്കുന്ന ചിലര്‍ ഉണ്ട്. സര്‍ദാര്‍ജി തമാശകള്‍ എന്നതിന് പകരം പൃഥ്വിരാജപ്പന്‍ ജോക്‌സ് ആണ് ഇന്നത്തെ യുവത്വം കൂടുതല്‍ ആസ്വദിയ്ക്കുന്നത്.

No comments:

Post a Comment