Wednesday 12 October, 2011

മോഹന്‍ലാലിനെതിരെ ആരോ കളിക്കുന്നു: മേജര്‍ രവി

മോഹന്‍ലാലിന്റെ കേണല്‍ പദവിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തെ കുരുക്കാന്‍ ആരോ മനപ്പൂര്‍വ്വം കളിയ്ക്കുന്നതാണെന്നും സംവിധായകന്‍ മേജര്‍ രവി. മേജര്‍ രവിയുടെ കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ ലാല്‍ സൈനിക ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിച്ചത്.

ഈ വേഷത്തിലാണ് ലാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് വിരമിച്ച സൈനികോദ്യോഗസ്ഥന്‍ ലാലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കാണ്ഡഹാറിലെ കഥാപാത്രത്തിന്റെ വേഷമിട്ട് പരസ്യത്തില്‍ അഭിനയിച്ചത് തെറ്റല്ലെന്നും പരസ്യത്തില്‍ ലാല്‍ ഔദ്യോഗിക വേഷം ദുരുപയോഗപ്പെടുത്തിയിട്ടില്ലെന്നും മേജര്‍ രവി പറയുന്നു. ആരോ ലാലിനെക്കുരുക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന നീക്കമാണിതെന്നാണ് അദ്ദേഹം പറയുന്നത്.

ഈ പരസ്യത്തിന്റെ പേരില്‍ മോഹന്‍ലാല്‍ പ്രതിഫലമൊന്നും പറ്റിയിട്ടില്ലെന്നും ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലുമായി അമ്പത് ലക്ഷത്തിന്റെ കരാറില്‍ ഏര്‍പ്പെട്ടത് ആശീര്‍വാദ് സിനിമാസാണെന്നും ലാലുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആശീര്‍വാദ് സിനിമാസിന്റെയും മാക്‌സ് ലാബിന്റെയും ഉടമ ആന്റണി പെരുമ്പാവൂരാണെന്നും ഇവര്‍ പറയുന്നു. ഈ രണ്ട് കമ്പനികള്‍ക്കും മോഹന്‍ലാലുമായി ബന്ധമൊന്നുമില്ല. സര്‍ക്കാരിന്റെ ഒരു നല്ല സംരംഭത്തിന് പിന്തുണ നല്‍കുകയാണ് മോഹന്‍ലാല്‍ ചെയ്തതെന്നും അദ്ദേഹം അതിന് പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്നും മോഹന്‍ലാലിന്റെ ഓഫീസും അറിയിച്ചു.

No comments:

Post a Comment