ഏഴുഡാമുകള്‍ ചുറ്റി ഗവിയില്‍ നിന്ന് പത്തനംതിട്ട ടൗണിലേക്ക് പോകുന്ന ഓര്‍ഡിനറി ബസ്സിലെ കണ്ടക്ടറാണ് ഇ.രവി. നാട്ടിന്‍പുറത്തെ ചായക്കടയിലിരുന്ന് രാഷ്ട്രീയം പറഞ്ഞും ലൈബ്രറിയിലും സിനിമ തീയറ്ററിലും ചുറ്റിക്കറങ്ങി നേരാംവണ്ണം പഠിക്കാതെ ഉഴപ്പിനടക്കുകയായിരുന്നു ഇരവിക്കുട്ടിപ്പിള്ള എന്ന ഇ.രവി.
ഒടുവില്‍ കണ്ടക്ടറായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍ ആ ജോലി രവിയ്ക്ക് ലഭിയ്ക്കുകയായിരുന്നു. മഹാമടിയനായ ഇയാള്‍ അമ്മയുടേയും മററ് കുടുബാംഗങ്ങളുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ ജോലിയ്ക്ക് കയറിയത്.
ഉള്‍നാടന്‍ ഗ്രാമമായ ഗവിയില്‍നിന്ന് രണ്ടരമണിക്കൂര്‍ കൊണ്ട് പത്തനംതിട്ട ടൗണില്‍ ചന്തയില്‍ കച്ചവടംചെയ്യുന്ന സാധാരണക്കാരായ ഗ്രാമീണരെ എത്തിക്കുകയും വൈകിട്ട് തിരിച്ചെത്തിക്കുകയുമാണ് ഈ റൂട്ടിലോടുന്ന ഏക ബസ്സിന്റെ ദൗത്യം.
സുമുഖനായ രവി കാക്കിയൂണിഫോമിട്ട് ടിക്കറ്റ് റാക്കും ബാഗുമായ് ഒന്നും രണ്ടും ബെല്ലടിച്ച് തന്റെ ജോലി തുടങ്ങുകയായി. വര്‍ഷങ്ങളുടെ പരിചയസമ്പത്തുമായ് സുകു എന്ന ഡ്രൈവര്‍ ഇയാള്‍ക്ക് കൂട്ടിനുണ്ട്.
ഒരുകണക്കിന് തൊഴിലിലും സ്വഭാവത്തിലും രവിയുടെ ആശാനാണ് സുകു. ഗ്രാമവാസികളും ബസ്സും തമ്മിലുള്ള ആത്മബന്ധത്തിലൂടെ രസകരമായ് വികസിക്കുന്ന പ്രമേയം ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ദൃശ്യ സാക്ഷാത്കാരം കൈവരിക്കുന്നു.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് കമലിന്റെ ശിഷ്യനായ സുഗീത് ആണ്. ചിത്രത്തില്‍ കണ്ടക്ടര്‍ രവിയായ് കുഞ്ചാക്കോബോബനും സുകു ആയി ബിജുമേനോനും വേഷമിടുന്നു.
തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നിഷാദ് കെ.കോയ, മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് നായരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിടുന്നു. ആസിഫ് അലി, ലാലു അലക്‌സ്, സലീം കുമാര്‍, ബാബുരാജ്, ജിഷ്ണു, ധര്‍മ്മജന്‍, ആന്‍ അഗസ്‌റിന്‍, ശ്രിത, വൈഗ എന്നിവരാണ് ഓര്‍ഡിനറിയിലെ മറ്റു യാത്രക്കാര്‍.
പത്തനംതിട്ടയിലും തൊടുപുഴയിലും ഗവിയിലുമായ് ചിത്രീകരണം പുരോഗമിക്കുന്ന ഓര്‍ഡിനറി ക്രിസ്മസിന് തിയറ്ററുകളിലെത്തും. കമല്‍ ശിഷ്യരായ ലാല്‍ ജോസ്,അക്കു അക്ബര്‍, ജോസ്, സലീം പടിയത്ത്, ആഷിക് അബു, എന്നിവര്‍ക്കു പിന്നാലെ സ്വതന്ത്ര സംവിധായകനാവുകയാണ് സുഗീത് ഓര്‍ഡിനറിയിലൂടെ.

No comments:
Post a Comment