Sunday, 16 October 2011

ദുല്‍ഖര്‍ സല്‍മാനൊപ്പം തിലകന്‍

മലയാള സിനിമയില്‍ മമ്മൂട്ടിയെ ഏറ്റവുമധികം വിമര്‍ശിയ്ക്കുന്നതാരെന്ന് ചോദിച്ചാല്‍ കണ്ണൂംപൂട്ടി ഉത്തരം പറയാം. തിലകന്‍. വെള്ളിത്തിരയിലെ ഈ മുതിര്‍ന്ന നടന്‍മാര്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. താരസംഘടനയായ അമ്മയുടെ വിലക്കിന് ശേഷം സൂപ്പര്‍താരത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് തിലകന്‍ അഴിച്ചുവിട്ടത്. തന്നെ ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നവരുടെ കൂട്ടത്തില്‍ മമ്മൂട്ടിയുമുണ്ടെന്ന് പോലും തിലകന്‍ പറഞ്ഞുവച്ചിരുന്നു.

വിലക്കുകളുടെ ചങ്ങലകള്‍ അഴിഞ്ഞുവീണതിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലൂടെ ശക്തമായി തിരിച്ചെത്തിയ തിലകന്‍ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്. തന്നെ പുറത്താക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്ത്യന്‍ റുപ്പിയെന്ന് തിലകന്‍ പറയുമ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണെന്ന് പകല്‍ പോലെ വ്യക്തം.

എന്നാല്‍ തിലകന്റെ പുതിയ പ്രൊജക്ട് കേട്ടാല്‍ ആരുമൊന്ന് അതിശയംകൂറുമെന്ന് ഉറപ്പ്. അടുത്തതായി ഒരു മമ്മൂട്ടി ചിത്രത്തിലല്ല, മമ്മൂട്ടിയുടെ മകന്റെ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് തിലകന്റെ യാത്ര.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിയ്ക്കുക. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ത്രില്ലര്‍ ചിത്രം നിര്‍മിയ്ക്കുന്നത് മോളിവുഡിലെ ട്രെന്റ് സെറ്ററുകളായി മാറിയ ട്രാഫിക്, ചാപ്പ കുരിശ് തുടങ്ങിയവയ്ക്ക് വേണ്ടി പണംമുടക്കിയ ലിസില്‍ സ്റ്റീഫനാണ്.

മമ്മൂട്ടി-തിലകന്‍ ഈ അഭിനയപ്രതിഭകളുടെ സംഗമത്തിലൂടെ ഒരുപാട് നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൗരവറും മതിലുകളും തനിയാവര്‍ത്തവുമൊക്കെ ഈ കോമ്പിനേഷനില്‍ ചിലതുമാത്രം.
താരപുത്രനായ ദുല്‍ഖര്‍ സല്‍മാനുമായി തിലകന്‍ ഒന്നിയ്ക്കുമ്പോള്‍ അത്തരം മുഹൂര്‍ത്തങ്ങള്‍ തന്നെയായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുകയെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആദ്യ ചിത്രമായ സെക്കന്റ് ഷോയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ അന്‍വര്‍ റഷീദിന്റെ പ്രൊജക്ടുമായി സഹകരിയ്ക്കാനൊരുങ്ങുന്നത്.

No comments:

Post a Comment