Friday 7 October, 2011

പട നയിക്കാന്‍ മോഹന്‍ലാല്‍

സിനിമകളില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി കുതിയ്ക്കുന്ന മോഹന്‍ലാല്‍ നയിക്കുന്ന മലയാള സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനത്തിന് വര്‍ണാഭമായ തുടക്കം.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മല്ലു ടീമായ കേരള സ്ട്രൈക്കേഴ്സിന്റെ തുടക്കവും ഒരു പ്രിയന്‍ സിനിമ പോലെ കളര്‍ഫുള്ളായിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ടീം ജഴ്‌സി വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തിന് നല്‍കി. ചടങ്ങില്‍ ലോഗോ പ്രകാശനവും നടന്നു. ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ അസുഖംകാരണം ചടങ്ങിനെത്തിയിരുന്നില്ല. യുവ താരങ്ങളില്‍ ഭൂരിപക്ഷം പേരും ചടങ്ങിനെത്തി. ബോളിവുഡില്‍നിന്ന് ബോണികപൂറും സൊഹൈല്‍ഖാനും സാന്നിധ്യമറിയിച്ചു.

മറ്റു ഭാഷകളിലെ താരങ്ങളുമായി കൂടുതല്‍ സുഹൃദ്ബന്ധങ്ങള്‍ വളര്‍ത്താന്‍ ഇത്തരം മത്സരവേദികള്‍ സഹായകരമാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കായിക മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

അടുത്ത വര്‍ഷം ജനവരിയില്‍ ആരംഭിക്കുന്ന സിസിഎല്‍ രണ്ടാം ലീഗില്‍ അഞ്ച് മത്സരങ്ങളിലാണ് ലാലിന്റെ നേതൃത്വത്തിലുള്ള കേരള സ്ട്രൈക്കേഴ്സ് കളത്തിലിറങ്ങുക. ഇന്ദ്രജിത് വൈസ് ക്യാപ്റ്റനായ സ്റ്റാര്‍ ടീമില്‍ ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, വിനു മോഹന്‍, ബാല, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നിഖില്‍, നിവിന്‍ പോളി, മുന്ന, സൈജു കുറുപ്പ്, ബിനീഷ് കോടിയേരി, മണിക്കുട്ടന്‍, വിവേക് ഗോപന്‍, റിയാസ് അഹമ്മദ്, പ്രജോദ് കലാഭവന്‍, രജിത് മേനോന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

കളിയുള്ള ദിവസങ്ങളില്‍ ലഭ്യമായ താരങ്ങളാകും അവസാന പതിനൊന്നു പേരില്‍ ഉള്‍പ്പെടുക. അതുകൊണ്ടുതന്നെ സിനിമകളുടെ ചിത്രീകരണത്തെ ക്രിക്കറ്റ് ബാധിക്കില്ല. മമ്മൂട്ടി ടീമില്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുമെന്നു ടീം ഉടമ ലിസി പ്രിയദര്‍ശന്‍ പറഞ്ഞു. സിനിമയുടെ ഗ്ലാമര്‍മുഖമായ മമ്മൂക്ക ടീമിന്റെ നോണ്‍പ്ലേയിങ് ക്യാപ്റ്റനെപ്പോലെയാണെന്നും ലിസി പറഞ്ഞു.

പങ്കജ് ചന്ദ്രസേനന്‍ നായര്‍ കോച്ചായും നടന്‍ ഇടവേള ബാബു ടീം മാനേജരായും പ്രവര്‍ത്തിക്കുമെന്ന് ടീം ഉടമസ്ഥ ലിസി പ്രിയദര്‍ശന്‍, ഷാജി പി.എം. എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിസിഎല്‍ ഡയറക്ടര്‍ രാധിക ശരത്കുമാര്‍, കേരള സ്‌െ്രെടക്കേഴ്‌സ് ടീം ബ്രാന്‍ഡ് അംബാസഡര്‍മാരായ ലക്ഷ്മി റായ്, ഭാവന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജനവരി 21 മുതല്‍ ഫിബ്രവരി 12 വരെ നടക്കുന്ന രണ്ടാം സീസണ്‍ സിസിഎല്‍ മത്സരങ്ങളില്‍ രണ്ടെണ്ണത്തിന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയമാണ് വേദിയാകുന്നത്. മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ തയ്യാറാവുന്ന കേരള സ്‌െ്രെടക്കേഴ്‌സിനു പുറമെ ബംഗാളില്‍ നിന്നുള്ള ബംഗാള്‍ ടൈഗേഴ്‌സും ഇക്കുറി താരക്രിക്കറ്റിന് പുതുതായി രംഗത്തിറങ്ങുന്നുണ്ട്.

No comments:

Post a Comment