Monday 29 August, 2011

ബാലന്‍ കെ നായര്‍ എന്ന അതുല്യ പ്രതിഭ

കത്തിമുന പോലുള്ള നോട്ടവും ചാട്ടുളി പോലുള്ള സംഭാഷണവും കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വില്ലനാണ് ബാലന്‍ കെ നായര്‍.

സത്യം പറഞ്ഞാല്‍ ഈ വിധത്തില്‍ പതിവായുള്ള കഥാപാത്രങ്ങളില്‍ ചളച്ചിടപ്പെട്ടുപോയ ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം. പരീക്ഷണങ്ങള്‍ക്ക് അധികം വേദിയാവാത്ത കമ്പോളസിനിമയുടെ തട്ടകത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു ബാലന്‍ കെ നായര്‍ക്ക് ലഭിച്ചുപോന്നത്.

ഓപ്പോള്‍ എന്ന ചിത്രത്തിലൂടെ അഭിനയ വഴികളിലേ തന്റേതായ വലിയ സങ്കേതങ്ങള്‍ തുറക്കുകയായിരുന്നു ബാലന്‍ കെ നായര്‍ . 1980ല്‍ കെ.എസ് സേതുമാധവന്റെ സംവിധാനത്തിലിറങ്ങിയ ഓപ്പോള്‍ മലയാളത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്.

ബാലന്‍ കെ നായര്‍ക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം. പട്ടാളക്കാരന്‍ ഗോവിന്ദന്‍ ഭാര്യയുടെ മകനേയുമെടുത്ത് വീട്ടിലേക്കു തിരിച്ചുനടക്കുന്ന അവസാന ഷോട്ട് ഏറെ വികാരതീവ്രമായിരുന്നു. മേനകയെന്ന നടിയും ശ്രദ്ധിക്കപ്പെടുന്നത് ഓപ്പോളിലൂടെയാണ്.

കൊയിലാണ്ടി ചേമഞ്ചേരിക്കാരനായ ബാലന്‍ കെ നായര്‍ വര്‍ക്ക് ഷോപ്പ് ഫിറ്ററായി കോഴിക്കോട്ടേക്ക് വരുമ്പോള്‍ കൂടെ നാടകവുമുണ്ടായിരുന്നു. കോഴിക്കോടിന്റെ നാടകവേദിയുടെ പ്രതിനിധികളിലൊരാളി ബാലന്‍ കെ നായര്‍ നിറഞ്ഞുനിന്നു.

പി .എന്‍ .മേനോന്റെ നിഴലാട്ടം എന്ന ചിത്രത്തിലൂടെയാണ് ബാലന്‍ കെ നായരെ മലയാളി സിനിമാപ്രേക്ഷകന്‍ കാണുന്നത്. വളരെപ്പെട്ടെന്ന് തന്നെ തിരക്കുള്ള നടനായി മാറി അദ്ദേഹം. ദേവാനന്ദിന്റെ കൂടെ ഒരു ഹിന്ദി സിനിമയിലും അഭിനയിക്കുകയുണ്ടായി.
മലയാളം കണ്ട ഏറ്റവു ക്രൗര്യമുള്ള വില്ലനായ ഇദ്ദേഹത്തോട് കിട പിടിക്കാന്‍ ആ റേഞ്ചില്‍ മറ്റൊരാളുമുണ്ടായിരുന്നില്ല.വില്ലന്‍ വേഷങ്ങളില്‍ മുദ്രയടിക്കപ്പെട്ടുപോയ നായര്‍ക്ക് ഇടയ്ക്കിടെ വേറിട്ട വേഷങ്ങള്‍ കിട്ടിയിരുന്നു.

എം.ടിയുടെ കടവ്, ഐ.വി ശശിയുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ, 1921, സത്യന്‍ അന്തിക്കാടിന്റെ ടി.പി.ബാലഗോപാലന്‍ എം.എ, വടക്കന്‍ വീരഗാഥ യിലെ കണ്ണപ്പ ച്ചേകവര്‍ ഇങ്ങനെ നാട്യകലയിലെ പാടവം തെളിയിച്ചുകൊണ്ട് അദ്ദേഹം മുന്നൂറിലധികം മലയാളസിനിമ യില്‍ വേഷമിട്ടു.

അതിഥി എന്ന ചിത്രത്തിലൂടെ 1974 ലും ,തച്ചോളി അമ്പുവില്‍ 1978 ലും രണ്ടാമത്തെ നല്ല നടനുള്ള പുരസ്‌കാരം. ജീവിതത്തില്‍ വില്ലത്തരമില്ലാതിരുന്ന ഈ പാവം അനുഗ്രഹീത കലാകാരന്റെ അന്ത്യം വില്ലനായ് വന്ന അപൂര്‍വ്വ രോഗത്തിലൂടെയായിരുന്നു.

ദുര്‍ബലമായ ശരീരവുമായ് ഒരു പാട് കാലം രോഗത്തോട് മല്ലടിച്ച് 2000ല്‍ അദ്ദേഹം വിട പറഞ്ഞു. സിനിമകളുടെ എണ്ണത്തിനൊത്ത നേട്ടമൊന്നും ജീവിതത്തില്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. വിലപേശി പ്രതിഫലം വാങ്ങാനുള്ള വേലയും വശമുണ്ടായിരുന്നില്ല.

അവസാനകാലം ചികില്‍സാ ചെലവുകള്‍ക്കുപോലും അദ്ദേഹം വല്ലാതെ കഷ്ടപ്പെട്ടിരുന്നു. മകന്‍ മേഘനാഥന്‍ മലയാളസിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. മലയാളി ഈ കലാകാരനെ അത്രവേഗം മറന്നുകൂടാ. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാര്‍ഷികത്തിലും സ്മാരകങ്ങള്‍ ശില്പങ്ങളായി പണിതുയര്‍ത്തിയിട്ടില്ലെങ്കിലും മലയാളം മരിക്കാത്തക്കാലം വരെ ഉള്ളില്‍ ബാലന്‍ കെ നായര്‍ ഉണ്ടാവും.

No comments:

Post a Comment