Tuesday, 16 August 2011

മമ്മൂട്ടിയും പൃഥ്വിയും - അരിവാള്‍ ചുറ്റിക നക്ഷത്രം

മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന് പേരിട്ടു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷവും കേരളപ്പിറവിക്കുമുമ്പുമുള്ള കേരളപശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മമ്മൂട്ടി ഈ ചിത്രത്തില്‍ നായകനാണെങ്കില്‍ പൃഥ്വിരാജ് വില്ലനാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു കമ്യൂണിസ്റ്റ് കഥ പറയുന്ന സിനിമയാണോ എന്ന് വ്യക്തമല്ല. എന്നാല്‍ അമ്പതുകളില്‍ കേരളത്തില്‍ തിളച്ചുമറിഞ്ഞ രാഷ്ട്രീയം എന്തായാലും ഈ സിനിമ ചര്‍ച്ച ചെയ്യും എന്നുറപ്പാണ്. ‘ഉറുമി’യെഴുതി പൃഥ്വിരാജിന്‍റെ ഇഷ്ടക്കാരനായി മാറിയ ശങ്കര്‍ രാമകൃഷ്ണനാണ് ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ രചിക്കുന്നത്.

പൃഥ്വിയുടെ നേതൃത്വത്തിലുള്ള ‘ആഗസ്റ്റ് സിനിമ’ എന്ന നിര്‍മ്മാണക്കമ്പനിയാണ് ഈ പ്രൊജക്ടിന് ചുക്കാന്‍ പിടിക്കുന്നത്. മലയാളത്തിലെ വന്‍ താരങ്ങളും ഇന്ത്യന്‍ സിനിമയിലെ പ്രമുഖരും അണിനിരക്കുന്ന ചിത്രത്തിന്‍റെ കഥ അമല്‍ നീരദിന്‍റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ.

ഇതൊരു ത്രില്ലറാണെന്ന സൂചനകളും അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. 25 കോടി രൂപയോളം മുതല്‍മുടക്കു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വണ്‍‌വേ ടിക്കറ്റ്, പോക്കിരിരാജ എന്നീ സിനിമകളിലാണ് ഇതിനുമുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചിട്ടുള്ളത്. ഇതില്‍ പോക്കിരിരാജ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.

ബിഗ്ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍‌വര്‍ എന്നീ സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ഫ്രെയിമുകള്‍ കൊണ്ട് കഥ പറയുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ.

No comments:

Post a Comment