Thursday, 18 August 2011

പൃഥ്വിയുടെ തേജാഭായ് ഓടില്ലെന്ന് തിയേറ്ററുകാര്‍

ഒരു വലിയ തിരിച്ചുവരവും കോമഡി പരീക്ഷണവും ലക്ഷ്യമിട്ടാണ് ഓണം-റംസാന്‍ ചിത്രമായ തേജാഭായ് ആന്റ് ഫാമിലിയുമായി പൃഥ്വിരാജ് വരുന്നത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകില്ലെന്നാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനായി നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്ത തീയതി തെറ്റിപ്പോയെന്നാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്. സാധാരണനിലയില്‍ റംസാന്‍ മാസത്തില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ താല്‍പര്യം കാണിക്കാറില്ല. കേരളത്തിലെ മുസ്ലീം ജനസംഖ്യതന്നെയാണ് ഇതിന് പ്രധാന കാരണം.

പക്ഷേ ഇതില്‍ നിന്നു വിപരീതമായിട്ടാണ് തേജാ ഭായ് റിലീസ് ചെയ്യുന്നത്. മലബാര്‍ മേഖലയില്‍ നിന്നാണ് കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷന്റെ നാല്‍പത് മുതല്‍ നാല്‍പ്പിത്തിയഞ്ച് ശതമാനം വരെ ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്ത് മലബാര്‍ മേഖലയിലെ തിയേറ്റര്‍ ഉടമകള്‍ തേജാഭായിയുടെ നിര്‍മ്മാതാക്കളോട് റിലീസിങ് ഓഗസ്റ്റ് 31ലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിര്‍മ്മാതാവായ ശാന്ത മുരളിയും വിതരണക്കാരായ മുരളി മൂവീസ് മാധവന്‍നായരും ഓഗസ്റ്റ് 26ന് തന്നെ പടം റിലീസ് ചെയ്യണമെന്ന തീരുമാനത്തില്‍ നിന്നും മാറാന്‍ തയ്യാറല്ല. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.

റംസാന്‍ കാലത്ത് അധികം പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്താത്തത് കളക്ഷനെ ബാധിക്കുമെന്നും ഒപ്പം ഓണമാകുമ്പോഴേയ്ക്കും ചിത്രത്തിന് പഴയതെന്ന തോന്നലുണ്ടാക്കുമെന്നും അവര്‍ പറയുന്നു.

എന്തായാലും റംസാനില്‍ റിലീസ് ചെയ്യുന്ന തേജാഭായ് പൃഥ്വിയ്ക്കും കൂട്ടര്‍ക്കും ഭാഗ്യമാകുമോ പാരയാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഖിലയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്.

1 comment:

  1. ഏതു കാലത്ത് റിലീസ്‌ ചെയ്താലും ഇനി ഈ ........ മോന്‍റെ സിനിമകള്‍ വിജയിക്കാന്‍ പോകുന്നില്ല. ആത്മാഭിമാനമുള്ള മലയാളികള്‍ ഒരാളും ഇവന്‍റെ സിനിമകള്‍ കാണാനിടയില്ല.

    ReplyDelete