Monday 1 August, 2011

ഷൂട്ടിങ്ങിനിടെ ഭാമയ്ക്ക് പരുക്ക്

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം മൈനയുടെ കന്നട റീമേക്കിന്റെ ഷൂട്ടിംഗിനിടെ നടി ഭാമയ്ക്കും നായകന്‍ ഗണേശിനും പരുക്കേറ്റു. ഷൈലു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മൂന്നാറിലെ ഷൂട്ടിംഗിനിടെയാണ് സംഭവം. ബസിന്റെ ചില്ലു പൊട്ടി ഭാമയുടെ കാലില്‍ തറയ്ക്കുകയായിരുന്നു. ഗണേശിന്റെ മുഖത്താണ് ചില്ല് തറച്ചത്. ഇരുവരുടെയും പരുക്ക് നിസാരമാണ്. മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം ഇവര്‍ സെറ്റിലേക്ക് മടങ്ങി.

മലയാളിയായ അമലാ പോള്‍ അനശ്വരമാക്കിയ ടൈറ്റില്‍ കഥാപാത്രത്തെയാണ് മൈനയുടെ കന്നഡ പതിപ്പില്‍ ഭാമ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്ന ബസിലെ അതിസാഹസിക രംഗത്തില്‍ അമല കാഴ്ചവച്ച പ്രകടനം പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഭാമയ്ക്കും ഗണേശിനും പരുക്കേറ്റത്.

പ്രഭു സോളമന്‍ സംവിധാനം ചെയ്ത മൈന കന്നഡയിലൊരുക്കുന്നത് ഹിറ്റ്മേക്കര്‍ എസ് നാരായണ്‍ ആണ്. അമലാ പോളിനെ തന്നെയാണ് മൈനയെ കന്നഡത്തില്‍ അവതരിപ്പിക്കാന്‍ ആദ്യം സംവിധായകന്‍ ക്ഷണിച്ചത്. എന്നാല്‍ അമല ആ ക്ഷണം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് സനൂഷയ്ക്ക് അവസരം ലഭിച്ചെങ്കിലും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഒടുവില്‍ സനൂഷയ്ക്ക് പകരം ഭാമയെ നായികയാക്കാന്‍ ഷൈലുവിന്റെ നിര്‍മാതാവ് കെ മഞ്ജുവും സംവിധായകന്‍ എസ് നാരായണനും തീരുമാനിക്കുകയായിരുന്നു. ഭാമയുടെ സൗകര്യത്തിനു ഷെഡ്യുളില്‍ ചില മാറ്റങ്ങള്‍ വരുത്താനും നിര്‍മാതാവ് തയ്യാറായി.

ഭാമ ഇതിനകം രണ്ട് കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'മൊതല സാല, 'ഒന്തു ഷെന്താളി' എന്നീ കന്നഡ ചിത്രങ്ങളിലാണ് ഭാമ അഭിനയിച്ചത്. ഇതില്‍ ഒന്തു ഷെന്താളി റിലീസ് ആവുന്നതേയുള്ളൂ.

No comments:

Post a Comment