Thursday, 17 November 2011

മോഹന്‍ലാല്‍ തന്നെയാണ് ഭീമസേനന്‍

മലയാളസിനിമാ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വലിയ പ്രൊജക്ടെന്ന രീതിയില്‍ കീര്‍ത്തികേള്‍ക്കാന്‍ പോകുന്ന രണ്ടാമൂഴമെന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ ഹരിഹരന്‍. ഒരു ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ രണ്ടാമൂഴം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും പ്രധാന താരങ്ങളുടെയെല്ലാം സാന്നിധ്യമാണ് രണ്ടാമൂഴം ലക്ഷ്യമിടുന്നത്. കഥാപാത്രങ്ങളുടെ രൂപവും വസ്ത്രാലങ്കാരവും പശ്ചാത്തലവും തയ്യാറാക്കാനായി സ്‌കെച്ചുകളും മറ്റു തയ്യാറാക്കുകയാണ് ഹരിഹരന്‍.

മോഹന്‍ലാല്‍ തന്നെയാണ് ഭീമസേനനെ അവതരിപ്പിക്കുന്നതെന്നകാര്യം ഹരിഹരന്‍ വ്യക്തമാക്കി. ഒപ്പം മമ്മൂട്ടിയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നതെന്നതും വലിയൊരു പ്രത്യേകതയാണ്.

ഭീമസേനനാകാന്‍ ലാല്‍ തയ്യാറെടുപ്പുതുടങ്ങിക്കഴിഞ്ഞു. ലാല്‍ ഹരിഹനെ കണ്ട് ചിത്രത്തിന് റെഡിയാണെന്നകാര്യം അറിയിച്ചു. ലാല്‍ ഇപ്പോള്‍ നോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹരിഹരന്‍ പറയുന്നു. വടക്കേഇന്ത്യയായിരിക്കും ലൊക്കേഷനെന്നും അദ്ദേഹം അറിയിച്ചു.

ദുര്യോധനനാകുന്നത് ഉലകനായകന്‍ കമല്‍ഹസനാണ്. ലാലും കമലും തമ്മിലുള്ള ഗദായുദ്ധം ചിത്രത്തിന്റെ വലിയൊരു ആകര്‍ഷക ഘടകമായിരിക്കുമെന്നാണ് ഹരിഹരന്‍ പറയുന്നത്. ശ്രീഗോകുലം ഫിലിംസിനുവേണ്ടി ഗോകുലം ഗോപാലനാണ് രണ്ടാമൂഴം നിര്‍മ്മിക്കുന്നത്. സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റി പുലര്‍ത്തുന്ന ചിത്രമായിരിക്കുമിതെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന

No comments:

Post a Comment