2012ലെ ഏറ്റവും താരപ്പൊലിമയേറിയ ചിത്രമായി രണ്ടാമൂഴം മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എംടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകകഥാപാത്രമായ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്ന വാര്‍ത്തകളിലൂടെയാണ് രണ്ടാമൂഴം ആദ്യം ശ്രദ്ധനേടുന്നത്.
എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനയപ്രതിഭകളെ അണിനിരത്തി രണ്ടാമൂഴം അവിസ്മരണീയമായ പ്രൊജക്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കളായ ഗോകുലം ഗോപാലന്‍, ഇതിനായി ഏറ്റവും താരപ്പൊലിമയും അഭിനയശേഷിയുമുള്ളവരെയാണ് രണ്ടാമൂഴത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം മലയാള സിനിമയിലെ താരസിംഹാസനം പങ്കിടുന്ന മമ്മൂട്ടി കര്‍ണന്റെ വേഷത്തിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ മമ്മൂട്ടി ഭീമന്റെ ആജന്മശത്രുവായ ദുര്യോധനനായി വേഷമിടുമെന്നായിരുന്നു ലഭിച്ച വിവരം. കൗരവ നേതാവായ ദുര്യോധനനായി ഉലകനായകന്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് മറ്റൊരു പുതിയ വിശേഷം.
തെന്നിന്ത്യയിലെ മൂന്ന് അഭിനയചക്രവര്‍ത്തിമാര്‍ ഒത്തുചേരുന്നതോടെ സമാനതകളിലാത്ത സിനിമയായി രണ്ടാമൂഴം മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പുരാണത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് മൂവരും. അര്‍ജുനന്‍ , കുന്തി, ദ്രൗപദി തുടങ്ങിയ വേഷങ്ങളിലൊക്കെ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെ അണിനിരത്താനാണ് രണ്ടാമൂഴത്തിന്റെ അണിയറക്കാരുടെ ശ്രമം.
മലയാളത്തിന് പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ഇംഗ്ലീഷിലും ചിത്രമൊരുക്കും. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണമാരംഭിക്കും.

No comments:
Post a Comment