Tuesday 4 October, 2011

ലാലും മമ്മൂട്ടിയും കോമഡിയില്‍ കൊമ്പുകോര്‍ക്കും

മലയാളത്തിന്റെ താരരാജാക്കന്മാര്‍ക്ക് ഇനി ഈ വര്‍ഷം രണ്ട് വീതം സിനിമകള്‍. മമ്മൂട്ടിയ്ക്ക് വെനീസിലെ വ്യാപാരി, കിങ് ആന്റ് കമ്മീഷണര്‍. മോഹന്‍ലാലിന് ഒരു മരുഭൂമിക്കഥ, കാസനോവ. ഈ സിനിമകളെല്ലാം നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ചങ്കിടിപ്പ് ഉയരുന്നത് താരങ്ങളുടെയും ആരാധകരുടെയും മാത്രമാവില്ല, മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ ആകെയാവും.

സൂപ്പര്‍താരങ്ങളുടെ വമ്പന്‍ ചിത്രങ്ങള്‍ ഒഴിഞ്ഞുനിന്ന നിരാശജനകമായ ഓരോണക്കാലത്തിന് ശേഷം ബക്രീദിനോടനുബന്ധിച്ചാണ് മോളിവുഡില്‍ കാലാകാലങ്ങളായി ആവര്‍ത്തിയ്ക്കുന്ന മമ്മൂട്ടി-ലാല്‍ പോരിന് കളമൊരുങ്ങുന്നത്. ഹാസ്യത്തിലൂന്നിയാണ് ഇരുതാരങ്ങളും ബലാബലത്തിന് ഒരുങ്ങുന്നതെന്നൊരു പ്രത്യേകതയും ഇത്തവണത്തെ താരയുദ്ധത്തിനുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കി മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനായി മാറിയ ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയുമായാണ് മമ്മൂട്ടി ഇത്തവണ ബക്രീദിനെത്തുന്നത്.

ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ മമ്മൂട്ടി മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന വെനീസിലെ വ്യാപാരിയുടെ പശ്ചാത്തലം 1980കളിലെ കേരളമാണ്. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രത്തില്‍ സലീം കുമാറും സുരാജ് വെഞ്ഞാറമ്മൂടുമടക്കം വന്‍താരനിരയാണ് അണിനിരക്കുക.

പീരിയഡ് ചിത്രങ്ങള്‍ മലയാള സിനിമയില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഒരു കോമഡി ഫഌക്കിനായി ഇത്തരത്തിലൊരു പശ്ചാത്തലം മലയാളി പ്രേക്ഷകന് അത്രപരിചയമുണ്ടാവില്ല. ഇതുതന്നെയാണ് വെനീസിലെ വ്യാപാരിയുടെ പ്രധാന ആകര്‍ഷണ ഘടകം.
വ്യാപാരിക്ക് വെല്ലുവളിയാവുക ലാലും പ്രിയനും
മലയാളത്തിലെ വമ്പന്‍ വാണിജ്യവിജയങ്ങള്‍ കൈപ്പിടിയിലൊതുക്കിയ കൂട്ടുകെട്ട് ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കുമ്പോള്‍ ആരാധകപ്രതീക്ഷകള്‍ വാനോളം മുട്ടുക സ്വഭാവികമാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ഒന്നിയ്ക്കുന്ന ചിത്രം സംഭവിയ്ക്കുന്നത് മരുഭൂമിയുടെ പശ്ചാത്തലത്തിലാണ്.

പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന്‍ ടെക്‌നിക്ക് ഈ സിനിമയിലും കാണാം. മാധവന്‍ നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. പ്രിയന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ഭാവനയും ലക്ഷ്മി റായിയുമാണ് നായികമാര്‍. ലാല്‍-പ്രിയന്‍ ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ മുകേഷ് ഇന്നസെന്റ്, നെടുമുടി വേണു എന്നിവരെല്ലാം ഈ ചിത്രത്തിലുമുണ്ട്.

നര്‍മത്തിനും ആക്ഷനും സസ്‌പെന്‍സിനും പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകളൊന്നും സിനിമയുടെ അണിയറക്കാര്‍ പുറത്തുവിടാത്തത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒട്ടേറെ ഹിറ്റുകളൊരുക്കിയിട്ടുണ്ടെങ്കിലും പ്രിയനും ലാലും അവസാനമൊന്നിച്ച കിളിച്ചുണ്ടന്‍ മാമ്പഴവും കാക്കകുയിലും അത്ര വലിയ വിജയങ്ങളായിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രമായെത്തുമ്പോള്‍ പ്രിയന് ലേശം ടെന്‍ഷനുണ്ട്.

രണ്ട് സിനിമകളും ഏറെ പ്രതീക്ഷകളാണ് സിനിമാ വിപണിയ്ക്ക് നല്‍കുന്നത്. ഇതിലൊരു സിനിമയുടെ പരാജയത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ അതിന്റെ നായകന്‍മാര്‍ക്കോ ആരാധകര്‍ക്കോ വിപണിയ്‌ക്കോ സാധിയ്ക്കില്ല. എന്തായാലും ഈ വലിയ പെരുന്നാളിന് പ്രേക്ഷകര്‍ക്കുള്ള വിരുന്നായി ഈ സിനിമകള്‍ മാറുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

No comments:

Post a Comment