Thursday, 29 September 2011

കാവ്യ മാധവന്റെ അമ്മയെ കബളിപ്പിച്ച യുവതി പിടിയില്‍

നടി കാവ്യ മാധവന്റെ അമ്മയെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയ ഇന്‍ഷുറന്‍സ് കമ്പനി മാനേജരായ യുവതി പിടിയില്‍. തൃശൂര്‍ രാമവര്‍മപുരം സ്വദേശിനിയായ വിനിത(36)യാണ് പൊലീസിന്റെ പിടിയിലായത്.

ഏഴരലക്ഷത്തോളം രൂപ വിലവരുന്ന തയ്യല്‍ യന്ത്രങ്ങളുമായി യുവതി കടന്നുകളഞ്ഞതായി കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കാക്കനാട് വാടകക്കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന തയ്യല്‍ യന്ത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങിയ ശേഷം പണം ഉടന്‍ നല്‍കാമെന്ന് പറഞ്ഞാണ് യുവതി മുങ്ങിയതെന്ന് ശ്യാമള മാധവന്റെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം കൊടുങ്ങല്ലൂരില്‍ മഷ്മിക എന്ന പേരില്‍ ആരംഭിച്ച തയ്യല്‍ യൂണിറ്റ് ബിസിനസ്സില്‍ നഷ്ടം വന്നതിനെ തുടര്‍ന്ന് സ്ഥാപനം നിര്‍ത്തലാക്കുകയും തയ്യല്‍ യന്ത്രങ്ങളും മറ്റും വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ തയ്യല്‍ യന്ത്രങ്ങളും ഫര്‍ണീച്ചറുകളും ഏഴരലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ട് വിനിത ശ്യാമള മാധവനെ സമീപിച്ചത്.

പണം ഉടന്‍ നല്‍കാമെന്ന് പറഞ്ഞ് സാധനസാമഗ്രികളുമായി വിനിത മുങ്ങിയതോടെയാണ് പരാതിയുമായി ശ്യാമള പൊലീസിനെ സമീപിച്ചത്. പിടിയിലായ പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment