Tuesday 27 September, 2011

തൊട്ടതെല്ലാം പൊന്നാക്കിയ ചാക്കോച്ചന്‍


വമ്പന്‍ വിജയ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുകയും അവസാനം നിരാശ മാത്രം അവശേഷിപ്പിച്ച് ബോക്‌സ് ഓഫീസിലെ ഓണക്കാലം കടന്നുപോവുകയാണ്. തിയറ്റര്‍ സമരങ്ങളും പെരുമഴയും പ്രതികൂല കാലാവസ്ഥകളും ഓണം സീസണെ കാര്യമായി ബാധിച്ചു. ഉത്സവ സീസണില്‍ ആഘോഷിയ്ക്കാന്‍ പറ്റിയ തരത്തിലുള്ള സിനിമകളൊന്നുമില്ലാത്തതും ഇന്‍ഡസ്ട്രിയ്ക്ക് ക്ഷീണമായി.

എന്തായാലും ബോക്‌സ് ഓഫീസിലെ ഓണക്കാലത്തിന്റെ കണക്കെടുപ്പില്‍ താരമാവുന്നത് കുഞ്ചാക്കോ ബോബനെന്നത് ആരും സമ്മതിയ്ക്കും. മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയറാം ചിത്രങ്ങളെ പിന്നിലാക്കി ചാക്കോച്ചന്റെ രണ്ട് സിനിമകളാണ് ബോക്‌സ് ഓഫീസിന്റെ ടോപ് ലിസ്റ്റില്‍ ഇടം പിടിച്ചിരിയ്ക്കുന്നത്.

ചാക്കോച്ചന്റെ 15 വര്‍ഷത്തെ കരിയറിലാദ്യമായാണ് രണ്ട് സിനിമകള്‍ ഒരേ സമയം റിലീസ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി സൂപ്പര്‍താര പദവിയിലെത്തിയ ഒരോണക്കാലത്ത് താരത്തിന്റെ അഞ്ച് സിനിമകള്‍ ഒരേ സമയം തിയറ്ററുകളിലെത്തിയിട്ടുണ്ട്. മോളിവുഡില്‍ മറ്റാര്‍ക്കും (ഒരുപക്ഷേ ഇനിയാര്‍ക്കും) മറികടക്കാന്‍ സാധിയ്ക്കാത്ത റെക്കാര്‍ഡാണിത്. ഇതുവെച്ചു നോക്കുമ്പോള്‍ ചാക്കോച്ചന്റെ രണ്ട് സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്തുവെന്നത് അത്രവലിയ കാര്യമല്ല. എന്നാല്‍ മോളിവുഡിലെ മാറിയ സാഹചര്യങ്ങളില്‍ ഈയൊരു നേട്ടം ചാക്കോച്ചന് ഗുണകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രണയിക്കുന്നവരെ ഒന്നിപ്പിയ്ക്കാനെത്തുന്ന ലവ് ഡോക്ടറായി കുഞ്ചാക്കോ ബോബന്‍ കസറിയ ഡോക്ടര്‍ ലവ് ആണ് ഓണച്ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. കെ ബിജുവിന്റെ സംവിധാനത്തില്‍ മുപ്പത് സെന്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയതോടെ 55 തിയറ്ററുകളില്‍ കൂടി പ്രദര്‍ശനമാരംഭിച്ചുകഴിഞ്ഞു. കളര്‍ഫുള്‍ ക്യാമ്പസ് സ്റ്റോറിയും കഥയിലെ ട്വിസ്റ്റുകളും ഗാനങ്ങളുമാണ് ഡോക്ടര്‍ ലവിനും ചാക്കോച്ചനും ഗുണകരമായത്.

ജോഷിയുടെ സംവിധാനത്തിലെ ഏഴോളം യുവതാരങ്ങള്‍ അണിനിരന്ന സെവന്‍സാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാമത്. കുഞ്ചാക്കോ ബോബന്‍ തന്നെപ്രധാനകഥാപാത്രമാവുന്ന സെവന്‍സില്‍ ആസിഫ് അലിയും കയ്യടി നേടുന്നുണ്ട്. കോഴിക്കോട് നഗരത്തിന്റെ പശ്ചാത്തലത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെയും മറ്റുംകഥ പറയുന്ന സെവന്‍സും ലാഭമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍

No comments:

Post a Comment