Wednesday 21 September, 2011

പ്രണയത്തിലെ മാത്യൂസായി അമിതാഭ് ബച്ചന്‍?

മലയാളത്തില്‍ പ്രദര്‍ശനവിജയം നേടിയ ഒട്ടേറെ ചിത്രങ്ങള്‍ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുകയും തകര്‍പ്പന്‍ വിജയങ്ങളാവുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശന്‍ ഇത്തരത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

അതിന് പിന്നാലെ ബോഡിഗാര്‍ഡിന്റെ ഹിന്ദിപ്പതിപ്പുമായി സംവിധായകന്‍ സിദ്ദിഖും ബോളിവുഡില്‍ തിളങ്ങി. ഇനി നല്ലചലച്ചിത്രകാരനെന്ന് പേരെടുത്ത ബ്ലെസ്സിയുടെ ഊഴമാണ്. പ്രണയമെന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായി ബ്ലെസ്സി വടക്കോട്ടു പോവുകയാണ്.

പ്രമുഖ ചാനലിലെ അഭിമുഖത്തിലാണ് പ്രണയം ഹിന്ദിയില്‍ ചെയ്യുന്നകാര്യം ബ്ലെസ്സി അറിയിച്ചത്. കേരളത്തില്‍ പ്രണയം നല്ല അഭിപ്രായം നേടിക്കഴിഞ്ഞു. പതിയെപ്പതിയെ മൗത്ത് പബ്ലിസിറ്റിലിയൂടെയാണ് പ്രണയം തിയേറ്ററുകളില്‍ ഹിറ്റായത്. അതിനപ്പുറം ചിത്രം വലിയ ചര്‍ച്ചയായും മാറിക്കഴിഞ്ഞു.

ഹിന്ദിയില്‍ പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചെയ്ത മാത്യൂസ് എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണത്രേ.

മറ്റൊരു ഭാഷയില്‍ ഒരു ചിത്രംസംവിധാനം ചെയ്യണമെന്ന് ആദ്യമായി ഒരു തോന്നലുണ്ടാകുന്നത് ഇപ്പോഴാണ്. ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ ശരിയാകണം. അമിതാഭ് ബച്ചനെയാണ് മാത്യൂസായി പരിഗണിക്കുന്നത്. അത് സാധ്യമായാല്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ഞാന്‍ തന്നെയായിരിക്കും- അഭിമുഖത്തില്‍ ബ്ലെസ്സി പറഞ്ഞു.

മോഹന്‍ലാലിന് പകരക്കാരനായ ഒരു നടനെ ഹിന്ദിയില്‍ കണ്ടെത്തുക എന്നതുതന്നെയാണ് ബ്ലെസ്സിയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ബച്ചന്‍ ഈ റോള്‍ ചെയ്യാന്‍ തയ്യാറായാല്‍ എല്ലാം ശുഭമായി പരിണമിയ്ക്കും. പ്രണയത്തില്‍ ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയപ്രദയാണ് ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജയപ്രദയ്‌ക്കൊന്നും അനുപം ഖേറും രംഗത്തുണ്ട്. ഇവര്‍ തന്നെയാണ് മാത്യൂസാകാന്‍ അമിതാഭ് ബച്ചനെ നിര്‍ദ്ദേശിച്ചതും.

പ്രണയത്തിന്റെ പ്രചാരണത്തിരക്കുകള്‍ അവസാനിക്കുമ്പോള്‍ ഹിന്ദി റീമേക്കിന്റെ രചനാജോലികള്‍ ആരംഭിക്കുമെന്ന് ബ്ലെസ്സി പറഞ്ഞു.

No comments:

Post a Comment