Tuesday 20 September, 2011

ടസ്‌കേഴ്‌സിന്റെ ഓഹരിക്കായി പ്രിയനും രവി പിള്ളയും

കേരളത്തിന്റെ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ഓഹരി വാങ്ങാമെന്ന് കാണിച്ച് സംവിധായകന്‍ പ്രിയദര്‍ശനും വ്യവസായി രവി പിള്ളയും ബിസിസിഐയ്ക്ക് കത്ത് നല്‍കി.

നിലവിലെ പ്രമുഖ ഓഹരി ഉടമയായ ഹര്‍ഷദ് മേത്തയുടെ 20% ഓഹരി വാങ്ങാമെന്നതുസംബന്ധിച്ച് മേത്തയുമായി ഒപ്പുവച്ച ധാരണാപത്രവും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. ഹര്‍ഷദ് മേത്ത വില്‍ക്കുന്ന ഓഹരി പൂര്‍ണമായും ഇവര്‍ വാങ്ങാമെന്നാണു ഇതിലെ ധാരണ. വില സംബന്ധിച്ചും തീരുമാനമായിട്ടുണ്ട്.

ടീം കേരളത്തില്‍ത്തന്നെ നിലനിര്‍ത്തണം, ടീമിന്റെ പേരിമാറ്റില്ലെന്ന് ഉറപ്പു വേണം എന്നീകാര്യങ്ങളില്‍ ഓഹരി കൈമാറ്റത്തിന് മുമ്പ് ഉറപ്പ് നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ടുകാര്യങ്ങളും പാലിക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ ഈ ഇടപാടിനില്ലെന്നാണ് ഇവര്‍ പറയുന്നത്.

തങ്ങളുടെ നിബന്ധന അംഗീകരിച്ചാല്‍ കുടിശ്ശിക തീര്‍ത്തു ടീമിനെ കൊച്ചിയില്‍ നിലനിര്‍ത്തുമെന്നു പ്രിയദര്‍ശനും രവി പിള്ളയും വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി കോര്‍പറേഷനുമായി ബന്ധപ്പെട്ട തര്‍ക്കമെല്ലാം ചെറിയ കാര്യമാണെന്നും അതു പരിഹരിക്കാവുന്നതേയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.

ടീമിന്റെ ആസ്ഥാനം അഹമ്മദാബാദിലേക്കു മാറ്റാനായി നിലവിലുള്ള ഓഹരി ഉടമകളില്‍ ചിലര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതു ബിസിസിഐ തള്ളി. ഇതേത്തുടര്‍ന്നാണു ടീം ഇതുവരെ അടുത്ത വര്‍ഷത്തെ കളിക്കുള്ള ഫീസ് അടയ്ക്കാതിരുന്നത്. ടീമിനെ താല്‍ക്കാലികമായി ഐപിഎല്ലില്‍ നിന്നു പുറത്താക്കിയത് ഇക്കാരണത്താലാണ്.

ഇതിന് മുമ്പ് പ്രമുഖ സംസ്ഥാനങ്ങളെല്ലാം ഐപിഎല്‍ ടീമുകള്‍ രൂപീകരിച്ചപ്പോള്‍ കേരളത്തില്‍ നിന്നും ഇതിനായി ആദ്യശ്രമം നടത്തിയത് പ്രിയദര്‍ശനായിരുന്നു. എന്നാല്‍ പിന്നീട് പ്രിയന്‍ ഇതില്‍ നിന്നും പിന്‍മാറുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ വിവേക് വേണുഗോപാല്‍ മാത്രമാണ് ഇപ്പോള്‍ ടീം ഉടമസ്ഥരിലെ ഏക മലയാളി.

No comments:

Post a Comment