Friday 30 September, 2011

സിബഐ 5-എസ്എംഎസ് പാരയെ മറികടക്കും


മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് കുറ്റാന്വേഷണ സിനിമാപരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാംഭാഗം ഒരുങ്ങുന്നു. സിബിഐ സിനിമ പരമ്പരകളുടെ സംവിധായകന്‍ കെ മധു മസ്‌ക്കറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക് പുതിയ മാനം നല്‍കിയ ഒരു സിബിഐ ഡയറിക്കുറിപ്പ് 1987ലാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തില്‍ തുടര്‍സിനിമകളെന്ന ട്രെന്റിന് തുടക്കമിട്ടത് ഈ സിനിമാപരമ്പരയായിരുന്നു. ജാഗ്രത എന്ന രണ്ടാം ഭാഗത്തിന് ശേഷം സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ മൂന്നും നാലും ഭാഗങ്ങള്‍ കൂടി പുറത്തുവന്നു.

മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസറായി വേഷമിടുന്ന ചിത്രത്തിന്റെ തിരക്കഥ എസ്എന്‍ സ്വാമി പൂര്‍ത്തിയാക്കിയതായി മധു പറഞ്ഞു. 1987ല്‍ ആദ്യ സിബിഐ സിനിമയ്ക്ക് തിരക്കഥയൊരുക്കുമ്പോള്‍ സംവിധായകന്‍ എസ്എന്‍ സ്വാമിയുടെ മനസ്സിലുണ്ടായിരുന്നത് ഒരു മുസ്ലീം കഥാപാത്രമായിരുന്നു. എന്നാല്‍ തിരക്കഥ കേട്ട മമ്മൂട്ടി തന്നെയാണ് കൂര്‍മ്മ ബുദ്ധിയുള്ള ബ്രാഹ്മണനായി ഈ കഥാപാത്രത്തെ മാറ്റുന്നത്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായ സേതുരാമയ്യുടെ പിറകില്‍ കൈകെട്ടിയുള്ള നടപ്പും മറ്റുഭാവങ്ങളുമെല്ലാം മമ്മൂട്ടിയുടെ തന്നെ സംഭവനകളായിരുന്നു. സിബിഐ സിനിമകളുടെ തീം മ്യൂസിക്കും മലയാളത്തില്‍ തരംഗമായി മാറി.

അടിയും ഇടിയും നെടുനീളന്‍ ഡയലോഗുകളുമൊന്നുമില്ലാത്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമെന്ന നിലയ്ക്കായിരുന്നു ആദ്യ സിബിഐ സിനിമകള്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. എന്നാല്‍ മൂന്നും നാലും ഭാഗങ്ങള്‍ തിയറ്ററുകളിലെത്തിയപ്പോള്‍ സിനിമയിലെ സസ്‌പെന്‍സ് പൊളിയ്ക്കാന്‍ വ്യാപകമായ രീതിയില്‍ എസ്എംഎസ് പ്രചാരണങ്ങള്‍ നടന്നു.

സിനിമ റിലീസായ ആദ്യദിനം തന്നെ സസ്‌പെന്‍സ് പൊളിയ്ക്കുന്ന വിധത്തില്‍ കുറ്റകൃത്യം ചെയ്തത് ഏത് കഥാപാത്രമാണെന്ന വെളിപ്പെടുത്തിക്കൊണ്ടുള്ള എസ്എംഎസുകള്‍ പ്രചരിയ്ക്കുന്നതാണ് കുറ്റാന്വേഷണസിനിമകള്‍ നേരിടുന്ന പ്രധാന വെല്ലുവളി.

എന്നാല്‍ അത്തരം വെല്ലുവിളികളെ മറികടക്കുന്ന രീതിയിലാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ സിനിമകളുടെ വിജയത്തെ ബാധിയ്ക്കുന്നുണ്ടെന്നും കെ മധു വ്യക്തമാക്കി.

No comments:

Post a Comment