Saturday 27 August, 2011

മോഹന്‍ലാല്‍ ആരാധകന്റെ സിനിമാക്കഥ


ലാലേട്ടനെ ആരാധിയ്ക്കുന്ന ഒരാളുടെ കഥയല്ലിത്, മറിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ ശെല്‍വന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഒരു സിനിമാക്കഥ പോലെ. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റിയുടെ കുറവാണോന്നറിയില്ല ഇന്ദ്രജിത്ത്,നരേന്‍ ,മനോജ് കെ.ജയന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍. കൊച്ചു മാവേലി ഫിലിംസിന്റെ ബാനറില്‍ ശെല്‍വന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആല്‍ബങ്ങളിലൂടെ സംവിധാനരംഗത്തേക്കുവന്ന സുജിത്തും ദീപന്റെ അസിസ്‌റന്റായ് പ്രവര്‍ത്തിച്ച സജിത്തുമാണ്.

മഹി,കിരണ്‍, ശങ്കര്‍ദാസ്, യാദൃശ്ചികമായ് പരിചയപ്പെട്ട ഈ മൂവര്‍ ടീമിന്റെ സൗഹൃദവും ഒരുപെണ്‍കുട്ടിയുടെ പേരില്‍ വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജീവിത പ്രാരബ്ദങ്ങള്‍ ഏറെ അലട്ടുന്ന മഹിയുടെ മനസ്സില്‍ ഇന്ദുവിനോട് കടുത്ത പ്രണയമാണ്. പക്ഷെ അവളെ സ്വന്തമാക്കണമെങ്കില്‍ തന്റെ ജീവിത സാഹചര്യം തന്നെ മാറേണ്ടിയിരിക്കുന്നു.

അങ്ങിനെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിക്കുന്ന മഹി സിനിമ സംവിധായകന്‍ ശങ്കര്‍ദാസിനെ പരിചയപ്പെടാനിടയാവുന്നു. അവരുടെ സൌഹൃദം വളര്‍ന്നു. അവര്‍ ഒരുമിച്ച് നീങ്ങാന്‍ തീരുമാനിക്കുന്നതിനിടയില്‍ വ്യവസായ പ്രമുഖനായ കിരണ്‍ മോഹനനുമായി പരിചയത്തിലായി. ഈ സൗഹൃദം അധികം വളരുന്നതിനുമുമ്പ് തന്നെ മഹി ഒരു കാര്യമറിയുന്നു.

താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ, ഇന്ദുവിനെ കിരണ്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചതായി. ഇതറിഞ്ഞ് മഹി തകര്‍ന്നു പോയി. വളരെ ആകസ്മികമായ് ജീവിതത്തില്‍ വന്നുപെടുന്ന മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി രൂപപ്പെട്ട പ്രമേയത്തിന് അങ്ങിനെ ഒരു
സിനിമാക്കഥ പോലെ എന്നപേരും വന്നു.

മഹിയായ് ഇന്ദ്രജിത്തും ,നരേന്‍ കിരണ്‍ മോഹനും, മനോജ്‌കെ ജയന്‍ സംവിധായകന്‍ ശങ്കര്‍ദാസുമായി വേഷമിടുന്നു. മേഘ്‌നരാജാണ് ഇന്ദു എന്ന കഥാപാത്രവേഷത്തില്‍ നായികയാവുന്നത്. ഇവര്‍ക്കു പുറമേ ജഗതി, ഭീമന്‍ രഘു, സുരാജ് വെഞ്ഞാറമൂട്, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ശശി കലിംഗ, കെപിഎസി ലളിത, അംബികമോഹന്‍, എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ,തിരക്കഥ,സംവിധായകരായ സജിത്തും സുജിത്തും ഒരുക്കുന്നു. സംഭാഷണം എഴുതുന്നത് പി.എന്‍ അജയകുമാര്‍, അനില്‍ പനച്ചൂരാന്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് വാസുദേവന്‍ ഷണ്‍മുഖരാജ് ഈണമിടുന്നു. യേശുദാസും ശ്വേത മോഹനുമാണ് പാടുന്നത്. ഭരണി കെ.ധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ഡിസംബര്‍ അവസാനം തിരുവനന്നപുരത്ത് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പൂജ സെപ്തംബര്‍ 4ന് നടക്കും.

No comments:

Post a Comment