Friday 5 August, 2011

സോണിയ ഐസിയുവില്‍, സുഖം പ്രാപിക്കുന്നു

യുഎസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. സോണിയ ഗാന്ധി സുഖം പ്രാപിച്ചു വരികയാണെന്നും പാര്‍ട്ടി വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനകള്‍ ശസ്ത്രക്രിയ കഴിഞ്ഞില്ല എന്ന ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു എങ്കിലും വെള്ളിയാഴ്ച വന്ന പ്രസ്താവനയില്‍ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞതായും സോണിയയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സോണിയയുടെ അസുഖം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

സോണിയയുടെ അടിവയറിലാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശകരുടെ തിരക്കും മറ്റ് രോഗികളുടെ സൌകര്യവും കണക്കിലെടുത്താണ് സോണിയ യുഎസില്‍ ചികിത്സ തേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അര്‍ബുദ ചികിത്സാ കേന്ദ്രമായ ന്യൂയോര്‍ക്കിലെ ‘മെമ്മോറിയല്‍ സ്ലോവന്‍ - കെറ്ററിംഗ് ക്യാന്‍സര്‍ സെന്ററി’ലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, സോണിയ അര്‍ബുദ സംബന്ധമായ ചികിത്സയ്ക്കല്ല യുഎസിലേക്ക് പോയത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

No comments:

Post a Comment