Wednesday 3 August, 2011

സിക്സ് പായ്ക്കുമായി സൂര്യയുടെ സന്യാസി

ഏവരും കാത്തിരുന്ന തമിഴ് ചിത്രം ‘ഏഴാം അറിവ്’ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ സൂര്യ മൂന്ന് വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററില്‍ അദ്ദേഹം ഒരു സന്യാസിയുടെ ലുക്കിലാണ്. സിക്സ് പായ്ക്ക് ശരീരം പ്രദര്‍ശിപ്പിച്ച് ആക്ഷന്‍ ചുവടുകളുമായി നില്‍ക്കുന്ന സന്യാസി!

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏഴാം അറിവില്‍ സൂര്യ ഒരു സന്യാസിയെയും ശാസ്ത്രജ്ഞനെയും ഒരു സര്‍ക്കസ് കലാകാരനെയുമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. 110 കോടി രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്.

ഏഴാം അറിവിന് വേണ്ടി സൂര്യ സര്‍ക്കസ് അഭ്യസിച്ചു. വിവിധങ്ങളായ ആയോധനമുറകള്‍ പഠിച്ചു. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയാനിധി സ്റ്റാലിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ആയേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഏഴാം അറിവിനുവേണ്ടി ശരീരവും മനസും അര്‍പ്പിച്ചിരിക്കുകയാണ് സൂര്യ. വിയറ്റ്‌നാംകാരനായ നടന്‍ ജോണി ട്രി ഗുയന്‍ ആണ് ചിത്രത്തിലെ വില്ലന്‍. ഹോളിവുഡ് ബിഗ് ഹിറ്റ് സ്പൈഡര്‍മാന്‍ - 2ല്‍ സ്പൈഡര്‍മാന്‍റെ ഡ്യൂപ്പായിരുന്നു ജോണി.

“ഏഴാം അറിവിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരു ഹോളിവുഡ് ചിത്രത്തിലേതു പോലെ ആശ്ചര്യമുണര്‍ത്തുന്നതാണ്. ലോസാഞ്ചലസിലെ സ്റ്റാന്‍ വിന്‍സ്റ്റണ്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്‍റെ സ്പെഷ്യല്‍ ഇഫക്ടുകള്‍ ഒരുക്കുന്നത്” - മുരുഗദോസ് പറയുന്നു.

ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു ആകര്‍ഷണം. ആയിരം നര്‍ത്തകരെ അണിനിരത്തിയുള്ള ഒരു ഗാനരംഗം ഏഴാം അറിവിന്‍റെ ഹൈലൈറ്റാണ്. മലയാളിയായ രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം.

No comments:

Post a Comment