Tuesday 2 August, 2011

മോഹന്‍ലാലും ജയരാജും ഒന്നിക്കുന്നു

മോഹന്‍ലാലും ജയരാജും ഒന്നിക്കുന്നു?
======================

സംവിധായകന്‍ ജയരാജ് ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രമൊരുക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ബിഗ്ബജറ്റ് പ്രൊജക്ടാണ് മോഹന്‍ലാലിനെ നായകനാക്കി ജയരാജ് പ്ലാന്‍ ചെയ്യുന്നത്. തന്‍റെ ഏറ്റവും വലിയ സ്വപ്നമാണ് കുഞ്ഞാലിമരയ്ക്കാറെന്നും തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞതായും ജയരാജ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഗുല്‍മോഹറിന് ശേഷം ജയരാജ് കുഞ്ഞാലിമരയ്ക്കാര്‍ സിനിമയാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രൊഫ. നരേന്ദ്രപ്രസാദിന്റെ സൗപര്‍ണിക എന്ന നാടകത്തെ ആസ്പദമാക്കി ‘സൌപര്‍ണിക’ എന്ന പ്രൊജക്ട് വന്നതിനാല്‍ അത് നടന്നില്ല. പിന്നീട് സൌപര്‍ണികയും ഉപേക്ഷിക്കപ്പെട്ടു. അതിന് ശേഷം ലൌഡ് സ്പീക്കര്‍, ദി ട്രെയിന്‍, പകര്‍ന്നാട്ടം തുടങ്ങിയ സിനിമകള്‍ ചെയ്ത ജയരാജ് ഇപ്പോള്‍ ‘നായിക’ എന്ന പ്രൊജക്ടിന്‍റെ തിരക്കിലാണ്. ഉടന്‍ തന്നെ കുഞ്ഞാലിമരയ്ക്കാര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ജയരാജിന്‍റെ അഗ്രഹം.

പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടിയ വീരയോദ്ധാവ് കുഞ്ഞാലിമരയ്ക്കാരെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ അത് പഴശ്ശിരാജ പോലെ, ഉറുമി പോലെ വലിയ ക്യാന്‍‌വാസില്‍ ചെയ്യേണ്ട ചിത്രമാണ്. അതുകൊണ്ടുതന്നെ 20 കോടി രൂപയെങ്കിലും മുതല്‍മുടക്കുള്ള സിനിമയായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍.

എന്നാല്‍ ഭരതന്‍റെയും ലോഹിതദാസിന്‍റെയുമൊക്കെ സ്വപ്നമായിരുന്ന ‘കുഞ്ചന്‍ നമ്പ്യാര്‍’ താന്‍ ചെയ്യില്ലെന്നും ജയരാജ് വ്യക്തമാക്കുന്നു.

No comments:

Post a Comment