Friday 22 July, 2011

മമ്മൂട്ടി, ലാലേ, എനിക്ക് ദുഃഖമുണ്ട്: അഴീക്കോട്

കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരൊക്കെ ആദായനികുതി അടക്കാത്ത തസ്കരന്മാരായി മാറിയതില്‍ തനിക്ക് അതിയായ ദുഃഖമുണ്ട് എന്ന് സാംസ്കാരികനായകന്‍ സുകുമാര്‍ അഴീക്കോട്. ലഫ്റ്റനന്റ് കേണല്‍ പദവിയൊക്കെ ലഭിച്ചിട്ടുള്ള ഒരാള്‍ ശരിക്ക് ആദായനികുതി അടക്കുന്നില്ല എന്നത് വിരോധാഭാസമാണെന്നും ഇതിനൊക്കെ പ്രതിരോധമന്ത്രി എ.കെ. ആന്റണി കൂട്ടുനില്‍ക്കരുതെന്നും സുകുമാര്‍ അഴീക്കോട്‌ തുറന്നടിച്ചു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തിയ സംഭവത്തോട്‌ പ്രതികരിക്കുകയായിരുന്നു തൃശൂരില്‍ വച്ച് സുകുമാര്‍ അഴീക്കോട്.

ഇതിനിടെ, ആദായനികുതി വകുപ്പ്‌ തന്റെ വീട്ടിലും ഓഫീസിലും നടത്തുന്ന റെയ്ഡുമായി ബന്ധപ്പെട്ട്‌ വേണ്ടിവന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന്‌ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ബ്ലെസി സം‌വിധാനം ചെയ്യുന്ന പുതിയ ചിത്രമായ പ്രണയത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ധനുഷ്കോടിയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. വ്യാഴാഴ്ച വൈകീട്ടാണ്‌ മധുരയിലെ ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ ധനുഷ്കോടിയിലെത്തിയത്‌. ഷൂട്ടിംഗിന്‌ പോകാന്‍ തുടങ്ങുമ്പോഴാണ്‌ റെയ്ഡിന്റെ വിവരമറിഞ്ഞത്‌. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ എന്നാണ് റെയ്ഡിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം.

മോഹന്‍‌ലാലിന്റെ വീട്ടിലും ഓഫീസിലും മാത്രമല്ല മമ്മൂട്ടിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഒറ്റയടിക്കാണ് റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ ഡ്രൈവറും ചലച്ചിത്ര നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ റെയ്ഡ്‌ നടത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ, ഗോശ്രീ റോഡിലുള്ള ഫ്ലാറ്റിലാണ്‌ പരിശോധന നടത്തുന്നത്‌.

ആദായനികുതി ഉദ്യോഗസ്ഥന്‍ തന്റെ വീടും ഓഫീസും അരിച്ചുപെറുക്കുമ്പോള്‍ മകന്‍ ഡുല്‍‌ക്കറിന്റെ കല്യാണനിശ്ചവുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടി ചെന്നൈയിലുള്ള തന്റെ വീട്ടിലാണ്. ഷൂട്ടിംഗ്‌ ഇടയ്ക്ക് നിര്‍ത്തിയാണ്‌ മമ്മൂട്ടി മകന്റെ വിവാഹനിശ്ചയത്തിന്‌ ചെന്നൈയിലേക്കു തിരിച്ചത്‌. വെള്ളിയാഴ്ച കൊച്ചിയിലെത്തി ഷാജി കൈലാസ്‌ ചിത്രമായ കിംഗിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കേണ്ടതായിരുന്നു അദ്ദേഹം. റെയ്ഡ് നടക്കുന്നതിനാല്‍ അത് കഴിഞ്ഞ് ഷൂട്ടിംഗിന് പോയാല്‍ മതിയെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പ്‌ നടത്തിയ പരിശോധനയില്‍ രണ്ട്‌ ആനക്കൊമ്പുകള്‍ കണ്ടെടുത്തെങ്കിലും വീട്ടിലെ രണ്ട് മുറികള്‍ തുറക്കാന്‍ ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ മുറികളിലേക്കുള്ള വാതില്‍ രൂപകല്‍‌പന ചെയ്തിരിക്കുന്നത്. ഈ മുറികള്‍ ആളുടെ വിരല്‍പാടുകള്‍ പതിഞ്ഞെങ്കില്‍ മാത്രമേ ഈ മുറികള്‍ തുറക്കാന്‍ കഴിയൂ. മോഹന്‍ലാലിന്റെ ഭാര്യ ഉപയോഗിക്കുന്ന മുറികളാണിതെന്നാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിരിക്കുന്ന വിവരം.

മോഹന്‍ലാലിന്റെ തേവരയിലെ വീ‍ട്ടിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും റെയ്ഡ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം മുടവന്മുകളില്‍ മോഹന്‍ലാലിന്റെ അമ്മ താമസിക്കുന്ന വീട്, കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ വിസ്മയ മാക്സിന്റെ ഓഫിസ് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പതിനഞ്ചിലധികം വരുന്ന ഉദ്യോഗസ്ഥസംഘമാണ് ഓരോയിടത്തും റെയ്ഡ് നടത്തുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബാംഗ്ലൂരിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ് നടത്തുന്നത്. മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ ഉണ്ടെന്നാണ് സൂചന. ഈ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകന്റെ വിവാഹനിശ്ചയം നടന്നിരുന്നു. മോഹന്‍ലാലിന്റെ ഭാര്യാപിതാവ് ബാലാജിയുടെ എഗ്മോറിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

2 comments: