Monday 25 July, 2011

നികുതി അടച്ച് കുരുക്കൊഴിവാക്കാന്‍ താരങ്ങള്‍

മമ്മൂട്ടിയും മോഹന്‍ലാലും, ഒരുപക്ഷേ മലയാള സിനിമാലോകം പോലും ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല. ആദായനികുതി റെയ്ഡ് എന്നൊക്കെ പറയുന്നത് സിനിമയില്‍ കാണുന്നതുപോലെ നിസാരമായി കരുതിയവര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കണക്കില്‍ പെടാത്ത സ്വത്തുണ്ടെങ്കില്‍ അതിന് നികുതി അടച്ച് ഈ കുരുക്കില്‍ നിന്ന് രക്ഷനേടാനൊരുങ്ങുകയാണ് മമ്മൂട്ടിയും ലാലും.

തനിക്ക് കണക്കില്‍ പെടാത്ത സ്വത്തുണ്ടെന്ന് മമ്മൂട്ടി ആദായനികുതി ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ഒരു പ്രമുഖ ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളില്‍ രേഖകളില്‍ കാണിച്ചതിലും അധികം തുക പ്രതിഫലമായി കൈപ്പറ്റിയിരുന്നു. ചില നിര്‍മ്മാതാക്കളും മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും നികുതിയടയ്ക്കാത്ത സ്വത്തുക്കള്‍ക്ക് നികുതിയടച്ച് പൊല്ലാപ്പൊഴിവാക്കാനാണ് താരങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പല നിയമവിദഗ്ധരും ഇത്തരത്തിലൊരു നിയമോപദേശമാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നറിയുന്നു.

അതേസമയം, ഇതൊന്നും താരങ്ങളുടെ കുറ്റമല്ലെന്നും ഇവരുടെ ടാക്സ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ പിഴവാണിതെന്നും വരുത്തിത്തീര്‍ക്കാനായി മറ്റു ചില താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. റെയ്ഡ് മൂലം തകര്‍ന്ന പ്രതിച്ഛായ നന്നാക്കുക എന്നതാണ് ഇത്തരം നീക്കങ്ങളുടെ ലക്‍ഷ്യം. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇത്തരം പൊടിക്കൈകള്‍ ചെലവാകുമോ എന്ന് കാത്തിരുന്ന് കാണാം.

No comments:

Post a Comment