Monday, 14 November 2011

ജഗതിയുടെ ആക്ഷേപത്തിന് സലിമിന്റെ മറുപടി

ദേശീയ പുരസ്‌കാരം ആര്‍ക്കും കിട്ടുമെന്ന മുതിര്‍ന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ മുനവച്ചുള്ള പരാമര്‍ശത്തിന് നടന്‍ സലിം കുമാറിന്റെ ചുട്ടമറുപടി. പ്രധാന അവാര്‍ഡുകള്‍ കിട്ടാതെ പോയ പ്രായമായ ഒരാളിന്റെ നിരാശയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നാണ് ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സലിം കുമാര്‍ പറഞ്ഞിരിയ്ക്കുന്നത്.

പഴയ കോടമ്പാക്കം കള്‍ച്ചറിന്റെ ഭാഗമായാണ് ജഗതി ഇങ്ങനെയൊക്കെ പറയുന്നത്. പുതിയ ആളുകളും ചെറുപ്പക്കാരം വന്ന് അംഗീകാരങ്ങള്‍ നേടുമ്പോള്‍ ചിലര്‍ക്ക് ചൊരുക്കുണ്ടാവുക സ്വഭാവികമാണെന്ന് സലിം കുമാര്‍ ചൂണ്ടിക്കാട്ടി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സലിം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നല്ല നടനെന്ന നിലയില്‍ അദ്ദേഹത്തോടുള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചു തന്നെയാണ് ഇതു പറയുന്നതെന്നും സലിംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന അവസ്ഥയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പങ്കെടുത്ത് ജഗതി പറഞ്ഞത്. ഭരത് ഗോപിക്കു വരെ നല്‍കിയ ദേശീയ അവാര്‍ഡിനെ മാത്രമേ ഗൗരവമായി കാണാനാവുകയുള്ളൂ എന്നും ജഗതി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഭരത് ഗോപിയ്ക്ക് ശേഷം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രേംജി, ബാലന്‍ കെ നായര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ബാലചന്ദ്രമേനോന്‍, സുരേഷ് ഗോപി, മുരളി ഏറ്റവുമൊടുവില്‍ സലിംകുമാര്‍ എന്നിവരെയാകെ അവഹേളിയ്ക്കുന്ന പരാമര്‍ശമാണ് ജഗതിയില്‍ നിന്നുണ്ടായതെന്ന് ആക്ഷേപമുയര്‍ന്നു.

No comments:

Post a Comment