Wednesday 31 August, 2011

ഓണസിനിമകളിലേക്ക് ഒരെത്തിനോട്ടം

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോളിവുഡ് ബോക്‌സ്ഓഫീസ് വീണ്ടുമൊരു തകര്‍പ്പന്‍ ഓണാഘോഷത്തിനൊരുങ്ങുന്നു. റംസാനും ഓണവും ഏതാണ്ട് തൊട്ടടുത്ത് വന്നതോടെ പുത്തന്‍ റിലീസുകളുടെ ആഘോഷത്തിനായിരിക്കും ഈ ഉത്സവകാലത്ത് സിനിമാശാലകള്‍ സാക്ഷ്യം വഹിയ്ക്കുക. പണംവാരിപ്പടങ്ങളെന്ന പേരിലെത്തുന്ന വാണിജ്യസിനിമകള്‍ കുറവാണെങ്കിലും ഓണച്ചിത്രങ്ങളെ ഏറെ പ്രതീക്ഷകളോടെയാണ് ചലച്ചിത്രരംഗവും പ്രേക്ഷകരും വരവേല്‍ക്കുന്നത്.

കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഓണക്കാലം റംസാന്‍ നോമ്പിനിടയില്‍ വന്നുപെടുന്നത് മലയാള സിനിമരംഗത്തെ നിരാശയിലാഴ്ത്തിയിരുന്നു. നോമ്പുകാലമായതിനാല്‍ പ്രേക്ഷകരില്‍ വലിയൊരു വിഭാഗം പ്രത്യേകിച്ച് മലബാര്‍ ഭാഗങ്ങളില്‍ തിയറ്ററുകലില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനാല്‍ ഓണത്തിന് സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിച്ചിരുന്നു. എന്നാലിപ്പോള്‍ റംസാനും ഓണവും ഒരാഴ്ചയുടെ ഇടവേളയില്‍ വരുന്നതോടെ സിനിമാലോകം ഉത്സവത്തിന് തയാറെടുത്തു കഴിഞ്ഞു.

കൃത്യമായി പറഞ്ഞാല്‍ നാല് വര്‍ഷത്തിന്റെ ഇടവേളയ്‌ക്കൊടുവിലാണ് ബോക്‌സ് ഓഫീസ് ഓണപ്പകിട്ട് വീണ്ടെടുക്കുന്നത്. താരചിത്രങ്ങളും ബിഗ് ബജറ്റ് സിനിമകളും ഒഴിഞ്ഞുനിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്യഭാഷ സിനിമകളും രണ്ടാംനിര താരങ്ങളുടെ ചിത്രങ്ങളുമായിരുന്നു കേരളത്തിലെ തിയറ്ററുകള്‍ അടക്കിവാണത്.

മമ്മൂട്ടിയും ദിലീപും ഒഴിച്ചുള്ള പ്രമുഖ താരങ്ങളെല്ലാം ഈ ഓണത്തിനുണ്ട്. തിയറ്ററുകളെ പ്രേക്ഷകസമുദ്രമാക്കാന്‍ ഏതാണ്ട് പത്തോളം സിനിമകളാണ് അടുത്ത രണ്ടാഴ്ചക്കാലത്തിനുള്ളില്‍ റിലീസ് ചെയ്യുക. സിനിമകളുടെ എണ്ണത്തിലെന്ന പോലെ പ്രമേയത്തിലും ഈ വൈവിധ്യം കാണാം. ആക്ഷനും കോമഡിയും റൊമാന്‍സും എന്നിങ്ങനെ പ്രേക്ഷകനാഗ്രഹിയ്ക്കുന്ന എല്ലാ വിഭവങ്ങളും ഈ ഓണക്കാല സിനിമകളിലുണ്ട്.

No comments:

Post a Comment