Saturday 23 July, 2011

ആനക്കൊമ്പിലൊന്നും ഗണേശ്‌കുമാര്‍ കുലുങ്ങില്ല!

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പി പിടിച്ചെടുത്ത സംഭവത്തില്‍ ചീഫ് വൈല്‍ഡ്‌ ലൈഫ് വാര്‍ഡന്‍ രാജരാജവര്‍മ്മയ്ക്കും വനം‌മന്ത്രി ഗണേഷ്കുമാറിനും ഭിന്നാഭിപ്രായം. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് ലൈസന്‍സ് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി രാജരാജവര്‍മ്മ പറയുമ്പോള്‍ ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് വനം മന്ത്രി ഗണേഷ്കുമാര്‍. സിനിമാക്കാരനായ ഗണേഷ്കുമാര്‍ ‘തിന്ന ചോറിന് നന്ദി കാട്ടുക’യാണെന്ന് പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

“ലാലിന്റെ വീട്ടില്‍ കണ്ടെത്തിയ ആനക്കൊമ്പിനെ പറ്റിയുള്ള അന്വേഷണ വിവരങ്ങളൊന്നും എനിക്കറിയില്ല. അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല. ചിലപ്പോള്‍ അത് മോഹന്‍ലാലിന് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാവാം അല്ലെങ്കില്‍ ഇത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് ലൈസന്‍സ് ഉണ്ടായിരിക്കാം. ഇതിന്റെയൊന്നും വിശദാംശങ്ങള്‍ അറിയാതെ എങ്ങനെയാണ് നടപടിയെടുക്കുക. ഇക്കാര്യത്തില്‍ തലയിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല” എന്നാണ് ഗണേഷ്കുമാര്‍ പറഞ്ഞത്.

വനംവകുപ്പ് നിയമപ്രകാരവും 1988 ലെ വന്യജീവി സംരക്ഷ നിയമപ്രകാരവും സ്വകാര്യ വ്യക്തികള്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ വനംവകുപ്പിന്റെ പ്രത്യേക അനുമതി പത്രമുണ്ടെങ്കില്‍ ആനക്കൊമ്പുകള്‍ സൂക്ഷിയ്ക്കാന്‍ കഴിയും. എന്നാണ് നിയമം. ഇതില്ലെങ്കില്‍ ആനക്കൊമ്പ് വനംവകുപ്പ് ഏറ്റെടുക്കുകയോ ആദായനികുതി വകുപ്പ് കണ്ടുകെട്ടുകയോ ചെയ്യും. വനം‌വകുപ്പിന്റെ പ്രത്യേക അനുമതിപത്രം മോഹന്‍ലാലിന്റെ പക്കല്‍ ഉണ്ടോയെന്ന് അന്വേഷിക്കാന്‍ എന്തുകൊണ്ടാണ് ഗണേഷ്കുമാര്‍ തയ്യാറാകാത്തത് എന്നാണ് ഉയരുന്ന ചോദ്യം.

No comments:

Post a Comment